ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. എന്തുകൊണ്ട് 400 സീറ്റുകൾ ലക്ഷ്യമിടുന്നുവെന്നും അത് സാധ്യമാണോയെന്നുമുള്ള ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുണ്ട്. ഇന്ത്യാടുഡേ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മോദിയുടെ മറുപടി.
ഒരോ പരീക്ഷ കഴിയുമ്പോഴും വിദ്യാർത്ഥിയുടെ മാർക്ക് മെച്ചപ്പെടുമെന്ന മാതാപിതാക്കളുടെ പ്രതീക്ഷയോടാണ് മോദി ഇക്കാര്യത്തെ താരതമ്യം ചെയ്തത്. “നിങ്ങൾക്ക് കുടുംബമുണ്ടെന്ന് കരുതുക. നിങ്ങളുടെ കുട്ടി 90 മാർക്ക് നേടിയാൽ അടുത്ത പരീക്ഷയിൽ 95 വാങ്ങണമെന്ന് നിങ്ങൾ ഉപദേശിക്കും. നിങ്ങളുടെ മക്കൾ 99 വാങ്ങിയാൽ – 100 നേടാൻ അൽപം പ്രയാസമാണ്, എന്നിരുന്നാലും നമുക്ക് പരിശ്രമിച്ച് നോക്കാമല്ലോ, എന്ന് അവരോട് പറയും. “- പ്രധാനമന്ത്രി പറഞ്ഞു.
2019ലെ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം 400 നേടിയതാണ്. അതുകൊണ്ട് തന്നെ ഇത്തവണ 400 കടക്കണമെന്ന് സഖ്യകക്ഷികളോട് പറയാനുള്ള ഉത്തരവാദിത്വം ഒരു നേതാവെന്ന നിലയിൽ തനിക്കുണ്ടെന്നും നരേന്ദ്രമോദി വ്യക്തമാക്കി. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിക്ക് മേൽ എത്രമാത്രം ഉത്തരവാദിത്വമുണ്ടെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. തന്റെ ഉത്തരവാദിത്വമെന്നാൽ ഒരു നേതാവിന്റെ ധർമമാണ്. എന്നാൽ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട നേതാക്കൾ സ്വന്തം തടി രക്ഷിക്കാൻ ഓടിരക്ഷപ്പെടുന്ന സംഭവവും ഇവിടെ നടക്കുന്നുവെന്നത് നിർഭാഗ്യകരമാണെന്ന് പ്രതിപക്ഷ പാർട്ടികളെ പരോക്ഷമായി വിമർശിച്ചുകൊണ്ട് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.















