ഗർഭകാലത്ത് അമ്മയ്‌ക്കും ഗർഭസ്ഥ ശിശുവിനും ഒരു പോലെ പരിചരണം നൽകേണ്ടതാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ഈ കാലത്ത് പോഷക സമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അനിവാര്യമാണ്. നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് ലഭിക്കുന്ന ഊർജ്ജം ശരീരത്തിലേക്ക് എത്തിക്കുന്നതിനും വിവിധ അവയവങ്ങളുടെ വളർച്ചയ്‌ക്കും പ്രവർത്തനങ്ങൾക്കും സഹായിക്കുന്നത് തൈറോയ്ഡ് എന്ന ഗ്രന്ഥിയാണ്. എന്നാൽ ഈ ഗ്രന്ഥിയുടെ പ്രവർത്തനത്തിൽ തകരാറുകൾ വരുമ്പോൾ അത് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ഗർഭകാലത്ത് തൈറോയ്ഡിന്റെ പ്രശ്‌നങ്ങൾ വന്നാൽ അത് അമ്മയ്‌ക്കും കുഞ്ഞിനും ദോഷകരമാണെന്ന് വിദഗ്ധർ പറയുന്നു.
രണ്ട് തരത്തിലുള്ള തൈറോയ്ഡ് പ്രശ്‌നങ്ങളാണുള്ളത്. ഹൈപ്പർ തൈറോയിഡിസവും ഹൈപ്പോ തൈറോയിഡിസവും. തൈറോയ്ഡ് ഹോർമോണുകൾ അമിതമായി ഉത്പാദിക്കപ്പെടുന്നതിനെയാണ് ഹൈപ്പർ തൈറോയ്ഡിസം എന്നു പറയുന്നത്. സ്ത്രീകളെ ഹൈപ്പർ തൈറോയ്ഡിസം ബാധിക്കുമ്പോൾ ആർത്തവം കൃത്യമായി വരാതിരിക്കുക, ഗർഭധാരണം നടക്കാതിരിക്കുക, വിഷാദ രോഗം തുടങ്ങിയവയ്‌ക്ക് വഴിവയ്‌ക്കുന്നു.
തൈറോയ്ഡ് ഹോർമോണിൽ ഏറ്റക്കുറച്ചിൽ വരുമ്പോഴാണ് ഹൈപ്പോ തൈറോയ്ഡുണ്ടാവുന്നത്. സന്ധിവേദന, ആർത്തവം കൃത്യമല്ലാതിരിക്കുക, വിഷാദരോഗം, തണുപ്പ് സഹിക്കാൻ കഴിയാതിരിക്കുക, മുടിക്കൊഴിച്ചിൽ, അമിത വണ്ണം, പേശീവലിവ് തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഗർഭിണികളിൽ ഹൈപ്പോ തൈറോയ്ഡുണ്ടായാൽ ഗർഭം അലസിപ്പോവാൻ വരെ സാധ്യതയുണ്ട്. അതിനാൽ കൃത്യമായി രക്തപരിശോധന നടത്തി തൈറോയ്ഡിന്റെ പ്രശ്‌നങ്ങളുണ്ടോയെന്ന് സ്ഥിരീകരിക്കേണ്ടതാണ്. ഇതിന് കൃത്യമായ വൈദ്യസഹായവും തേടാൻ ശ്രദ്ധിക്കുക.















