ഇസ്ളാമാബാദ് : പാക് അധിനിവേശ ജമ്മു കശ്മീരിലെ അറിയപ്പെടുന്ന കവിയും മാദ്ധ്യമ പ്രവർത്തകനുമായ അഹമ്മദ് ഫർഹാദിനെ പാകിസ്താൻ ഏജൻസികൾ തട്ടിക്കൊണ്ടുപോയി. പി ഒ കെയിൽ പാകിസ്താൻ സർക്കാർ നടത്തിവരുന്ന ഭീകരമായ അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും തുറന്നുകാട്ടിയത് അഹമ്മദ് ഫർഹാദ് ആയിരുന്നു. പാകിസ്താൻ അധിനിവേശ ജമ്മു കശ്മീരിലെ (PoJK) ബാഗ് ഏരിയയിൽ നിന്നുള്ള ഫർഹാദ് , ഈ മേഖലയിലെ അശാന്തിയെക്കുറിച്ചുള്ള നിരന്തരമായ റിപ്പോർട്ടിംഗിലൂടെ ഷെഹ്ബാസ് ഷെരീഫ് സർക്കാരിന്റെ കണ്ണിലെ കരടാവുകയായിരുന്നു.
ഇയാളുടെ ഇസ്ലാമാബാദിലെ വസതിയിൽ നിന്നും ബുധനാഴ്ചയാണ് സുരക്ഷാ സേന എന്ന് കരുതുന്ന സംഘം തട്ടിക്കൊണ്ടുപോയത്. അവരുടെ വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം സിസിടിവി വിച്ഛേദിക്കുകയും അഹമ്മദ് ഫർഹാദിനെ ബലമായി പുറത്തേക്ക് വലിച്ചിഴയ്‌ക്കുകയുമായിരുന്നുവെന്ന് ഭാര്യ പറയുന്നു.
അദ്ദേഹത്തിന്റെ മോചനത്തിനായി ഇസ്ലാമാബാദിൽ നടന്ന ഒരു പ്രതിഷേധ റാലിയിൽ ഫർഹാദിന്റെ മാധ്യമപ്രവർത്തകയായ ഭാര്യ എല്ലാ കശ്മീരികളോടും ജോയിൻ്റ് അവാമി ആക്ഷൻ കമ്മിറ്റിയോടും അദ്ദേഹത്തെ ഉടൻ മോചിപ്പിക്കുന്നതിനായി ശബ്ദം ഉയർത്തണമെന്ന് അഭ്യർത്ഥിച്ചു.
യുണൈറ്റഡ് കശ്മീർ പീപ്പിൾസ് നാഷണൽ പാർട്ടിയും (യുകെപിഎൻപി) അഹമ്മദ് ഫർഹാദ് ഷായെ തട്ടിക്കൊണ്ടുപോയതിൽ ആശങ്ക രേഖപ്പെടുത്തുകയും അദ്ദേഹത്തെ മോചിപ്പിക്കാൻ അടിയന്തര അപ്പീൽ നൽകുകയും ചെയ്തു. യുകെപിഎൻപി ചെയർമാൻ സർദാർ ഷൗക്കത്ത് അലി കശ്മീരിയും പാർട്ടിയുടെ മറ്റ് മുതിർന്ന നേതാക്കളും പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്.
അഹമ്മദ് ഫർഹാദ് കശ്മീരിന്റെ ശബ്ദമാണെന്നും ഉടൻ മോചിപ്പിക്കണമെന്നും പഷ്തൂൺ തഹാഫുസ് മൂവ്‌മെൻ്റ് (പിടിഎം) നേതാവ് മൻസൂർ പഷ്തീൻ ആവശ്യപ്പെട്ടു.
പ്രമുഖ ബലൂച് മിസ്സിംഗ് പേഴ്‌സൺസ് ആക്ടിവിസ്റ്റും ബിവൈസി നേതാവുമായ ഡോ. മഹ്‌റംഗ് ബലോച്ച് തട്ടിക്കൊണ്ടുപോകലിനെ അപലപിച്ച് പ്രസ്‍താവന ഇറക്കിയിട്ടുണ്ട്. “നുണകൾ തുറന്നുകാട്ടാൻ ധൈര്യപ്പെടുന്ന യഥാർത്ഥ ശബ്ദങ്ങൾ ഭരണകൂടത്തിന്റെ പ്രാകൃതത്വത്തിനെതിരെ സംസാരിക്കുന്നത് തുടരും, അക്രമത്തിന് ഈ പ്രസ്ഥാനങ്ങളെ അടിച്ചമർത്താൻ കഴിയില്ല, “ഡോ. മഹ്‌റംഗ് ബലോച്ച് പറഞ്ഞു.















