നെതർലന്റ്‌സ് : കടുത്ത വിഷാദരോഗത്തിന് അടിമപ്പെട്ട യുവതിക്ക് ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകി അധികാരികൾ. നെതർലന്റ്‌സിലെ 29 വയസുകാരി സോറിയ ടെർബീക്കിന്റെ ദയാവധത്തിനുള്ള അപേക്ഷയാണ് അംഗീകരിച്ചത്. ഇതോടെ ദയാവധത്തിനായുള്ള സോറിയയുടെ കഴിഞ്ഞ മൂന്നര വർഷമായുള്ള നിയമ പോരാട്ടത്തിനാണ് അവസാനമായിരിക്കുന്നത്.
കുട്ടിക്കാലത്തെ അനുഭവങ്ങൾ മൂലം സോറിയ വിഷാദരോഗത്തിനും ആത്മഹത്യാ ചിന്തകൾക്കും അടിമപ്പെടുകയായിരുന്നു. മനോരോഗ വിദഗ്ധർ ഇവർക്ക് വിട്ടുമാറാത്ത വിഷാദം, ഉത്കണ്ഠ, ബോർഡർലിനെ വ്യക്തിത്വ വൈകല്യം, ഓട്ടിസം ഇവയെല്ലാം സ്ഥിരീകരിച്ചിരുന്നു. വിവാഹത്തിലൂടെ തനിക്ക് പുതിയൊരു ജീവിതം ലഭിക്കുമെന്ന് വിശ്വസിച്ച സോറിയ്‌ക്ക് തുടർന്നും മാനസികാരോഗ്യം വീണ്ടെടുക്കാനായില്ല. ദീർഘകാലം ചികിത്സകളും കൗൺസിലിംഗുകളും നടത്തി പരാജയപ്പെട്ട സോറിയ 2020 ൽ ദയാവധത്തിനായി അപേക്ഷിക്കുകയായിരുന്നു.
അസഹനീയമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന, ഒരിക്കലും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ കഴിയാത്തവർക്ക് മാത്രമാണ് ഡച്ച് നിയമം അനുസരിച്ച് ദയാവധത്തിന് അനുമതി നൽകുക. സോറിയയുടെ ദുരവസ്ഥ വിവരിച്ച് ഏപ്രിലിൽ പുറത്തിറങ്ങിയ ലേഖനം വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ശാരീരികമായി പൂർണ ആരോഗ്യവതിയായ ഒരു യുവതിക്ക് മാനസിക പ്രശ്നങ്ങൾ ഒന്നുകൊണ്ട് മാത്രം ദയാവധം അനുവദിക്കുന്നതിനെ പലരും എതിർത്തു.
വരുന്ന ആഴ്ചകൾക്കുള്ളിൽ സോറിയയുടെ ദയാവധം നടപ്പിലാക്കും. മെഡിക്കൽ സംഘം വീട്ടിലെത്തി സോറിയയെ കണ്ട ശേഷമായിരിക്കും നടപടിക്രമങ്ങൾ. മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ഹൃദയത്തിന്റെ പ്രവർത്തനം നിലയ്‌ക്കാനുള്ള മരുന്ന് കുത്തിവച്ചാണ് ദയാവധം നടപ്പിലാക്കുക.















