ഇസ്ലാമാബാദ് : പാക് അധീന കശ്മീരിൽ നിന്നുള്ള പത്രപ്രവർത്തകനെ പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസികൾ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ഇസ്ലാമാബാദ് ഹൈക്കോടതി . അഹമ്മദ് ഫർഹാദ് ഷായെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് പ്രതിരോധ സെക്രട്ടറിയോട് ഇസ്ലാമാബാദ് ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടത്.
പാക് അധീന കശ്മീരിൽ നടന്ന സാമ്പത്തിക പ്രതിസന്ധിയ്‌ക്കെതിരെ നടന്ന പ്രതിഷേധത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതിന്റെ പേരിൽ പാക് സൈന്യത്തെ വിമർശിച്ച് അഹമ്മദ് ഫർഹാദ് ഷാ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്ക് വച്ചിരുന്നു . ഇതിനു പിന്നാലെ ഷായെ ഇസ്ലാമാബാദിലെ വസതിയിൽ നിന്ന് കാണാതാവുകയായിരുന്നു.
തുടർന്ന് ഷായുടെ ഭാര്യ ഐൻ നഖ്‌വി ഭർത്താവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഇസ്ലാമാബാദ് ഹൈക്കോടതിയിൽ ഹർജി നൽകി. അദ്ദേഹത്തിന്റെ തിരോധാനത്തിന് ഉത്തരവാദികളായവരെ കുറിച്ച് അന്വേഷിക്കാനും പ്രോസിക്യൂട്ട് ചെയ്യാനും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു .
ഷായെ തട്ടിക്കൊണ്ടുപോകാൻ പാക് ചാരസംഘടന നിർദേശിച്ചിരുന്നതായാണ് ഐൻ നഖ്‌വിയുടെ അഭിഭാഷകരായ ഇമാൻ സൈനബ് മസാരി, ഹാദി അലി ചാത്ത എന്നിവർ കോടതിയിൽ വാദിച്ചത് .
എങ്ങനെയാണ്, ഏത് സാഹചര്യത്തിലാണ് ഷായെ തട്ടിക്കൊണ്ടുപോയത് എന്നതിനെക്കുറിച്ച് ഇൻ്റർ-സർവീസസ് ഇൻ്റലിജൻസിൽ നിന്നും, മിലിട്ടറി ഇൻ്റലിജൻസിൽ നിന്നും റിപ്പോർട്ട് തേടി സംക്ഷിപ്ത റിപ്പോർട്ട് സമർപ്പിക്കാനാണ് പ്രതിരോധ മന്ത്രാലയം സെക്രട്ടറിയോട് കോടതി നിർദ്ദേശിച്ചിരിക്കുന്നത് . കേസിൽ വാദം കേൾക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.
പാകിസ്താൻ സൈന്യവും രഹസ്യാന്വേഷണ ഏജൻസികളും തങ്ങളോട് വിയോജിപ്പുള്ളവരെ യാതൊരു വിശദീകരണവുമില്ലാതെ അനധികൃതമായി തടങ്കലിൽ വയ്‌ക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി മനുഷ്യാവകാശ സംഘടനകളും ആരോപിക്കുന്നുണ്ട് .















