മുംബൈ: ഓൺലൈൻ തട്ടിപ്പിന്റെ വാർത്തകൾ നമ്മൾ ദിവസവും കേൾക്കാറുണ്ട്. ചതിക്കുഴികളാണെന്ന് തിരച്ചറിയാതെയാണ് പലരും ഈ തട്ടിപ്പിന് ഇരയാകുന്നത്. ലക്ഷക്കണക്കിന് രൂപയാണ് തട്ടിപ്പിനിരയാകുന്നവർക്ക് നഷ്ടമാകുന്നത്. നവി മുംബൈയിലെ ഐറോളിയിൽ നിന്നുള്ള ഗർഭിണിയായ സ്ത്രീ ഓൺലൈൻ തട്ടിപ്പിനിരയായ വാർത്തയാണ് ഒടുവിൽ പുറത്ത് വന്നിരിക്കുന്നത്.
പ്രസവാവധിയിലായിരുന്ന 37 കാരിക്ക് 54 ലക്ഷം രൂപയാണ് നഷ്ടമായത്. അവധിയിലായിരുന്ന ഇവർ അധിക വരുമാനം നേടാനാണ് ഓൺലൈനായി ജോലികൾ അന്വേഷിച്ചത്. കമ്പനികളും റെസ്റ്റോറൻ്റുകളും റേറ്റിംഗ് ചെയ്യാനുള്ള വർക്ക് ഫ്രം ജോലിയാണ് യുവതിയെ തേടിയെത്തിയത്. ഇതിനെ തുടർന്നാണ് യുവതി ജോലി ചെയ്യാൻ ആരംഭിച്ചത്. പ്രതിഫലമായി വമ്പൻ തുകയാണ് തട്ടിപ്പുകാർ യുവതിക്ക് ഓഫർ ചെയ്തത്.
ജോലി ആരംഭിച്ചതിന് പിന്നാലെ തട്ടിപ്പുകാര്‍ യുവതിക്ക് വിവിധ നിര്‍ദേശങ്ങള്‍ നല്‍കുകയും ഹോട്ടലുകള്‍ റേറ്റ് ചെയ്യാന്‍ ലിങ്കുകള്‍ നല്‍കുകയും ചെയ്തു. 4 ദിവസം കഴിഞ്ഞതോടെ വലിയ രീതിയിലുള്ള വരുമാനം നല്‍കാമെന്ന് പറഞ്ഞ് അവരുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. യുവതി വിവിധ അക്കൗണ്ടുകളിലായി ഏകദേശം 54,30,000 രൂപയാണ് നിക്ഷേപിച്ചത്. എന്നാല്‍ പണം നിക്ഷേപിച്ചതിന് ശേഷം തട്ടിപ്പുകാരുമായി ബന്ധപ്പെടാൻ സാധിച്ചില്ല. തട്ടിപ്പിന് ഇരയായെന്ന് മനസ്സിലാക്കിയ യുവതി ഉടന്‍ തന്നെ മുംബൈ സൈബര്‍ പൊലീസില്‍ പരാതി നൽകുകയായിരുന്നു.
ഓൺലൈനിൽ വർക്ക് ഫ്രം ഹോം അവസരങ്ങൾ തേടുന്ന എല്ലാവർക്കും ഈ കേസ് ഒരു ജാഗ്രതാ മുന്നറിയിപ്പാണ്. മുൻകൂറായി പണം അടയ്‌ക്കാൻ പറയുന്ന ജോലികൾ ഒരിക്കലും സ്വീകരിക്കരുത്. ഓൺലൈനായി ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് കമ്പനിയെക്കുറിച്ചും വ്യക്തികളെകുറിച്ചും പൂർണമായും അന്വേഷണം നടത്തേണ്ടത് അത്യാവശ്യമാണ്.
സമൂഹമാദ്ധ്യമങ്ങളിലൂടെ വരുന്ന ഓഫറുകളിൽ കൂടുതൽ ജാഗ്രത പുലർത്തുക. പ്രത്യേകിച്ചും വാട്ട്‌സ്ആപ്പ്, ടെലിഗ്രാം,ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിന്നുള്ള വർക്ക് ഫ്രം ജോലികളിൽ ജാഗ്രത പുലർത്തുക. ചെറിയ ജോലികളിൽ വലിയ തുക വരുമാനം വഭിക്കുന്ന സ്വീകരിക്കരുതെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.















