തൃശൂർ: വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിൽ അഞ്ച് വയസുകാരന് മരുന്ന് മാറി നൽകിയെന്ന് പരാതി. കുട്ടിയുടെ പിതാവ് കാരികുളം സ്വദേശി കബീറിന്റെ പരാതിയിൽ ഫാർമസിസ്റ്റിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരാതി അന്വേഷിക്കുന്നത്. ഡോക്ടർ എഴുതി നൽകിയ ഗുളിക ഫാർമസിസ്റ്റ് തെറ്റി നൽകിയെന്നാണ് പരാതി.
ഈ മാസം മൂന്നിനാണ് സംഭവം. മുണ്ടിനീരിനെ തുടർന്നാണ് കുട്ടിയും മാതാപിതാക്കളും ആശുപത്രിയിലെത്തിയത്. 5 ദിവസം മരുന്നു കഴിക്കുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് കാരിക്കുളം എസ്റ്റേറ്റിലെ ആശുപത്രിയിൽ വീണ്ടും ചികിത്സ തേടി. മരുന്നും പ്രിസ്‌ക്രിപ്ഷനും പരിശോധിച്ചപ്പോഴാണ് മരുന്ന് മാറി നൽകിയെന്ന് കണ്ടെത്തിയത്. വേദനയുടെ ഗുളികയ്‌ക്ക് പകരം പ്രഷറിന്റെ ടെൽമിസാർട്ടൻ 40 എന്ന ഗുളികയാണ് ഫാർമസിസ്റ്റ് നൽകിയത്. കടുത്ത തലവേദനയും ഛർദിയും ഉണ്ടായതോടെ കുട്ടി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ വിദഗ്ദ ചികിത്സ തേടി.
ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നാലുവയസുകാരിക്ക് അവയവം മാറി ശസ്ത്രക്രിയ നടത്തിയിരുന്നു. ചെറുവിരലിന് പകരം കുട്ടിയുടെ നാവിനടിയിലാണ് ശസ്ത്രക്രിയ നടത്തിയത്. അന്വേഷണ വിധേയമായി ഡോ. ബിജോൺ ജോൺസണെ സസ്‌പെൻഡ് ചെയ്തു. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് ഡോക്ടർക്കെതിരെ കേസെടുത്തുിരുന്നു.















