ചെന്നൈ: വരും ദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ അടുത്ത മൂന്ന് ദിവസത്തേക്ക് ഊട്ടിയിലേക്കുള്ള വിനോദസഞ്ചാരങ്ങൾ പൂർണമായി ഒഴിവാക്കണമെന്ന് നീലഗിരി ജില്ലാ കളക്ടറുടെ നിർദേശം. മഴ തുടരുന്നതിനാൽ ഊട്ടിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇതേത്തുടർന്ന് 18-ാം തീയതി മുതൽ ഊട്ടി, നീലഗിരി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ എം അരുണ നിർദേശം നൽകിയിട്ടുണ്ട്.
മലയോര മേഖലകളിൽ ശക്തമായ മഴയ്‌ക്കും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ പ്രദേശവാസികളും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കനത്ത മഴയുള്ള സാഹചര്യങ്ങളിൽ വിനോദസഞ്ചാരികളെ സംരക്ഷിക്കുന്നതിനായി സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ഉറപ്പ് നൽകി. 20-ാം തീയതി വരെ ഊട്ടിയിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ വിനോദ സഞ്ചാരികൾ രാത്രി യാത്രകൾ ഒഴിവാക്കി സുരക്ഷിതമായ ഇടങ്ങളിൽ താമസിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ചൂട് കൂടിയതിനാൽ ഊട്ടിയിലേക്കുള്ള സന്ദർശകരുടെ കുത്തൊഴുക്ക് കൂടിയിരുന്നു. ഇതോടെ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് സർക്കാർ സന്ദർശകർക്കായി ഈ- പാസ് സംവിധാനം ഏർപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ വിനോദസഞ്ചാരികൾക്കായി ഊട്ടി പുഷ്പമേള സംഘടിപ്പിച്ചെങ്കിലും വേനൽ മഴ കനത്തതോടെ ഇതിന് തടസം നേരിട്ടിരുന്നു.















