എറണാകുളം: മഞ്ഞുമ്മൽ ബോയ്‌സ് ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരായ ക്രിമിനൽ നടപടികൾക്ക് ഹൈക്കോടതിയുടെ സ്‌റ്റേ. ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിറും, ഷോൺ ആന്റണിയും സമർപ്പിച്ച ഹർജി പരിഗണിച്ച ഹൈക്കോടതി ക്രിമിനൽ നടപടികൾ നിർത്തിവയ്‌ക്കാൻ ഉത്തരവിടുകയായിരുന്നു.
സിനിമയുടെ ലാഭവിഹിതം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി, ചിത്രത്തിനായി 7 കോടി ചെലവഴിച്ച സിറാജ് വലിയ തറയാണ് നിർമാതാക്കൾക്കെതിരെ പരാതിപ്പെട്ടത്. നിർമാതാക്കൾക്കെതിരെ കേസെടുക്കണമെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതി ഹൈക്കോടതി നേരത്തെ പരിഗണിച്ചിരുന്നു. എന്നാൽ ഇത് ഒരു സിവിൽ കേസാണെന്നും ക്രിമിനൽ നടപടികൾക്ക് പ്രസക്തിയില്ലെന്നും കോടതി പറഞ്ഞു. ഒരു മാസത്തേക്കാണ് നടപടികൾക്ക് സ്റ്റേ നൽകിയത്.
സിറാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സൗബിനെതിരെയും ഷോൺ ആന്റണിക്കെതിരെയും കേസെടുത്തിരുന്നു. എന്നാൽ ചിത്രത്തിൽ പ്രവർത്തിച്ചവർക്ക് ഇനിയും പണം നൽകാൻ ബാക്കിയാണെന്നും വരവ് ചെലവുകൾ കണക്കാക്കിയതിന് ശേഷമാണ് ലാഭവിഹിതം നൽകാൻ സാധിക്കൂവെന്ന നിർമാതക്കളുടെ വാദം ശരിവച്ച ഹൈക്കോടതി ഇവരുടെ അറസ്റ്റ് ഈ മാസം 22-ാം തീയതി വരെ തടഞ്ഞിരുന്നു. ഇതിനിടയിലാണ് നിർമാതാക്കൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന പരാതിക്കാരന്റെ ഹർജി സ്റ്റേ ചെയ്തത്. ഈ മാസം 22-ാം തീയതി ഹൈക്കോടതി വീണ്ടും കേസ് പരിഗണിക്കും.















