കോഴിക്കോട്: പന്തീരങ്കാവിൽ നവവധുവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതി രാഹുൽ നിർബന്ധിച്ച് മദ്യം കുടിപ്പിക്കാൻ ശ്രമിച്ചതായി യുവതിയുടെ മൊഴി. വിവാഹം കഴിഞ്ഞെത്തിയ ദിവസം രാഹുൽ തന്നെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കാൻ ശ്രമിച്ചെന്നും ഈ സമയം പ്രതിയുടെ അമ്മ ഉഷാകുമാരിയും സുഹൃത്തായ രാജേഷും സമീപത്തുണ്ടായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നൽകി. രാഹുൽ മർദ്ദിക്കുന്ന വിവരം സഹോദരിക്കും അമ്മയ്‌ക്കും അറിയാമായിരുന്നുവെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാഹുലിന്റെ അമ്മയ്‌ക്കും സഹോദരിക്കുമെതിരെ സ്ത്രീപീഡനക്കുറ്റം ചുമത്തുമെന്ന് പൊലീസ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി രാഹുലിന്റെ അമ്മയ്‌ക്കും സഹോദരിയ്‌ക്കും നോട്ടീസ് നൽകിയെങ്കിലും ഇവർ സ്‌റ്റേഷനിൽ ഹാജരായില്ല. ഇതേത്തുടർന്ന് വീണ്ടും നോട്ടീസ് നൽകാനാണ് പൊലീസിന്റെ തീരുമാനം. രാഹുലിന്റെ വീട്ടിൽ നിന്ന് സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്‌ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതിക്ക് ജർമ്മൻ പൗരത്വമുണ്ടെന്നായിരുന്നു അമ്മ ഉഷാകുമാരിയുടെ വാദം. എന്നാൽ ഇത് നുണയാണെന്നും സാധാരണ ഇന്ത്യൻ പാസ്‌പോർട്ട് തന്നെയാണ് രാഹുലിന്റെ പക്കലുള്ളതെന്നും പൊലീസ് കണ്ടെത്തി. രാഹുൽ ജർമ്മനിയിലേക്ക് കടന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും അറസ്റ്റിലായ സുഹൃത്ത് രാജേഷിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു.















