തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം എന്ന ആവശ്യവുമായി ബന്ധുക്കൾ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനോടാണ് ആവശ്യം ഉന്നയിച്ചത്. ഇപ്പോൾ തുടരുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും പ്രതികളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും അനീഷ്യയുടെ അമ്മ ആരോപിച്ചു.
കുടുംബത്തിൻെറ ആവശ്യം പരിഗണിക്കുമെന്ന് ഗവർണർ അറിയിച്ചതായി അനീഷ്യയുടെ മാതാപിതാക്കൾ പറഞ്ഞു. തൊഴിലിടത്തുണ്ടായ പീഡനത്തെ തുടർന്നാണ് അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യ ആത്മഹത്യ ചെ്തതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കേസിൽ പറയുന്നത്.
ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രതി ചേർത്ത ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അബ്ദുള്‍ ജലീലിനെയും എപിസി ശ്യാം കൃഷ്ണനെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. കേസിൽ വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും അന്വേഷണം ഇഴഞ്ഞു നീങ്ങുന്നെന്നാണ് കുടുംബം പറയുന്നത്.
തനിക്ക് നേരെയുണ്ടായ മാനസിക പീഡനങ്ങളെ കുറിച്ച് 19 പേജുള്ള ആത്മഹത്യാ കുറിപ്പിൽ അനീഷ്യ എഴുതിയിരുന്നു. സുഹൃത്തുക്കള്‍ക്ക് ശബ്ദ സന്ദേശവും അയച്ചിട്ടുണ്ടായിരുന്നു. വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും അന്വേഷണം മറ്റ് പ്രതികളിലേക്ക് പോവുകയോ ഇപ്പോള്‍ പ്രതി ചേർത്തവർക്കെതിരെ തെളിവുകള്‍ ശേഖരിക്കുകയോ ചെയ്യുന്നില്ലെന്നാണ് രക്ഷിതാക്കളുടെ ആരോപണം. ഈ സാഹചര്യത്തിലാണ് അന്വേഷണം സിബിഐക്ക് കൈമാറാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം നേരിട്ട് ഗവർണറെ കണ്ടത്.















