അഗർത്തല: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ച് ത്രിപുര സർക്കാർ. ഇതിനായി വിവിധ കമ്മിറ്റികളിലേക്കുള്ള ഉദ്യോഗസ്ഥരുടെ നിയമനമാണ് ആരംഭിച്ചത്. സംസ്ഥാനതല എംപവേർഡ് കമ്മിറ്റിയിലേക്കും ജില്ലാതല കമ്മിറ്റിയിലേക്കുമുള്ള ഉദ്യോഗസ്ഥരുടെ നിയമന പ്രക്രിയകളാണ് ആരംഭിച്ചിരിക്കുന്നത്.
ഔദ്യോഗിക വിജ്ഞാപനപ്രകാരം എല്ലാ ജില്ലാ മജിസ്‌ട്രേറ്റുകളോടും ത്രിപുര സിവിൽ സർവീസ് ഓഫീസർമാരെ ജില്ലാതല കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്യാൻ ഡയറക്ടറേറ്റ് ഓഫ് സെൻസസ് ഓപ്പറേഷൻ ഡയറക്ടർ ഉത്തരവിട്ടിട്ടുണ്ട്. ഈ നടപടികൾ വേഗത്തിലാക്കണമെന്നുള്ള ത്രിപുര ഗവണ്മെന്റ് അണ്ടർസെക്രട്ടറി എസ് ദേബ്ബർമയുടെ നിർദ്ദേശവും പുറത്തിറങ്ങിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കുന്നതിനായി ഈ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ എത്രയും പെട്ടന്ന് ലഭ്യമാക്കണമെന്നും ഇതിൽ പറയുന്നുണ്ട്. ഇത് സിഎഎ നടപ്പിലാക്കുന്നതിന്റെ പ്രാരംഭഘട്ട നടപടികളായാണ് വിലയിരുത്തപ്പെടുന്നത്.
ഇതോടെ ഉത്തരാഖണ്ഡിന് ശേഷം പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനമായി മാറാനുള്ള ഒരുക്കത്തിലാണ് ത്രിപുര. 2014 ഡിസംബർ 31 ന് മുൻപ് ഇന്ത്യയിലെത്തിയ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുമുള്ള ന്യൂനപക്ഷ കുടിയേറ്റക്കാർക്ക് പൗരത്വം നൽകാൻ ലക്ഷ്യമിട്ടുള്ളതാണ് 2019 ലെ പൗരത്വ ഭേദഗതി നിയമം.















