കൽപ്പറ്റ: ചായപ്പൊടി പായ്ക്കറ്റിനൊപ്പം ലക്കി ഡ്രോ ടിക്കറ്റുകൾ വിൽപന നടത്തിയതിന് ബോബി ചെമ്മണ്ണൂരിനെതിരെ കേസ്. വയനാട് ജില്ലാ അസിസ്റ്റന്റ് ലോട്ടറി ഓഫീസറുടെ പരാതിയിലാണ് മേപ്പാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ലോട്ടറി റെഗുലേഷൻ ആക്ടിലെ വിവിധ വകുപ്പുകൾ, വഞ്ചന, നിയമവിരുദ്ധമായി ലോട്ടറി നടത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ചായപ്പൊടി വാങ്ങുമ്പോൾ 10 ലക്ഷം രൂപ സമ്മാനം ലഭിക്കുന്ന കൂപ്പണും ലഭിക്കുന്നതായിരുന്നു ബോച്ചെ ടീ ലക്കി ഡ്രോ. വിവിധയിടങ്ങളിൽ ഇതിനായി പ്രത്യേകം ഷോപ്പുകൾ തുടങ്ങുകയും പദ്ധതിക്ക് വലിയ പ്രചാരം ലഭിക്കുകയും ചെയ്തിരുന്നു.
ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ‘ബോച്ചെ ഭൂമിപത്ര’ എന്ന കമ്പനിയുടെ പേരിലാണ് ലക്കി ഡ്രോ നടത്തി വന്നത്. ബോച്ചെയുടെ നേതൃത്വത്തിലുളള ഫിജി കാർട്ട് എന്ന കമ്പനി വിൽക്കുന്ന ഉൽപ്പന്നങ്ങളാണ് ബോച്ചെ ടീ പായ്‌ക്കറ്റുകളിൽ ഉളളത്. ചായപ്പൊടി കൂടാതെ മറ്റ് പ്രൊഡക്ടുകളും ഇതിലുണ്ട്. ഈ പായ്‌ക്കറ്റ് വാങ്ങുന്നവർക്ക് 30 കൂപ്പണുകൾ നൽകുന്നതാണ് ബോച്ചെ ടീ ലക്കി ഡ്രോ. ദിവസവും ഇതിന്റെ നറുക്കെടുപ്പ് നടക്കും. 100 രൂപ മുതൽ 10 ലക്ഷം രൂപ വരെയാണ് ദിവസേനയുളള സമ്മാനങ്ങൾ. 25 കോടി രൂപ ബമ്പർ സമ്മാനമായി നൽകുമെന്നും കമ്പനി പറയുന്നു.
ചായപ്പൊടി വില്പനയ്‌ക്കും പ്രമോഷനുമെന്ന വ്യാജേനെ ചായപ്പൊടി പാക്കറ്റിന്റെ കൂടെ ലോട്ടറി ടിക്കറ്റ് വിൽക്കുന്നുവെന്നാണ് എഫ്‌ഐറിൽ പറയുന്നത്. ദിനംപ്രതി നറുക്കെടുപ്പ് നടത്തുകയും സമ്മാനങ്ങൾ വിതരണം നടത്തുകയും ചെയ്യുന്നതുകൊണ്ട് സംസ്ഥാന സർക്കാരിന്റെ ലോട്ടറി വില്പന കുറയുന്നതിനാൽ സർക്കാരിന് നഷ്ടമുണ്ടാകുന്നുവെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്. സംഭവത്തിൽ ലോട്ടറി ഡയറക്ടറേറ്റും പരിശോധന ആരംഭിച്ചിട്ടുണ്ട്.
മിക്ക ജില്ലകളിലും ലക്കി ഡ്രോ ടിക്കറ്റുകൾ വിൽക്കാനായി ബോച്ചെ ടീ പായ്‌ക്കറ്റ് വിൽക്കുന്ന ഷോപ്പുകൾ തുടങ്ങിയിട്ടുണ്ട്. വയനാട്ടിൽ കൽപ്പറ്റയിൽ ഉൾപ്പെടെ ബോബി ചെമ്മണ്ണൂർ നേരിട്ടെത്തിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.