സുക്മ : ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു നക്സൽ കൊല്ലപ്പെട്ടു. ശനിയാഴ്‌ച്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് അറിയിച്ചു.
ഗ്രാമപ്രദേശങ്ങളായ ടോൽനെയ്‌ക്കും ടെട്രൈയ്‌ക്കും ഇടയിലാണ് ഏറ്റുമുട്ടലുണ്ടായതെന്നും ഏറ്റുമുട്ടൽ തുടരുകയാണെന്നും എസ്പി കിരൺ ചവാൻ അറിയിച്ചു. പ്രദേശത്തു നിന്നും ഒരു തോക്കും സ്ഫോടക വസ്തുക്കളും കണ്ടുകിട്ടിയിട്ടുണ്ട്.
ഇതോടുകൂടി ഈ വർഷം മാത്രം സുരക്ഷാസേനയുമുണ്ടായ ഏറ്റുമുട്ടലിൽ സംസ്‌ഥാനത്ത് 105 നക്സലൈറ്റുകളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മെയ് 10 ന് ബിജാപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 12 നക്സലൈറ്റുകൾ കൊല്ലപ്പെട്ടിരുന്നു.