തിരുവനന്തപുരം: യുവാക്കളെ ക്ഷേത്രങ്ങളിലേക്ക് ആകർഷിക്കണമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ക്ഷേത്രങ്ങളുടെ ഭാഗമായി ഗ്രന്ഥശാലകൾ ആരംഭിക്കുന്നതുൾപ്പെടെയുളള മാർഗങ്ങൾ ഇതിനായി അവലംബിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉദിയന്നൂർ ദേവി ക്ഷേത്രത്തിന്റെ അവാർഡ് ദാന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നാമജപങ്ങൾ മാത്രമല്ല മാറുന്ന സമൂഹത്തിന്റെ നേർചിത്രമാകാൻ ക്ഷേത്രങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളെ ക്ഷേത്രങ്ങളിലേക്ക് ആകർഷിക്കാനായി ട്രസ്റ്റുകൾ പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ഷേത്രങ്ങളിൽ ഗ്രന്ഥശാലകളുടെ പ്രവർത്തനം ആരംഭിക്കുന്നതോടെ യുവാക്കളുടെ പ്രാതിനിധ്യം ഉയരും. അവർക്ക് വായിക്കാനും വിവിധ വിഷയങ്ങളെ പറ്റി ചർച്ച ചെയ്യാനും കരിയർ വികസിപ്പിക്കാനും ഇതിലൂടെ സാധിക്കും. ഈ രീതിയിൽ പ്രവർത്തിക്കാൻ ട്രസ്റ്റുകൾ തയ്യാറായാൽ സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും സോമനാഥ് പറഞ്ഞു.
ഐഎസ്ആർഒ മുൻ ചെയർമാൻ ജി മാധവൻ നായരാണ് അവാർഡ് നൽകിയത്.