ആലപ്പുഴ: ശോഭാ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്ത് പൊലീസ്. പുന്നപ്ര പൊലീസ് സ്റ്റേഷനിലാണ് വൈകിട്ട് നന്ദകുമാർ ചോദ്യം ചെയ്യലിന് ഹാജരായത്. വ്യക്തിഹത്യ നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ശോഭാ സുരേന്ദ്രൻ പരാതി നൽകിയത്. പരാതിയുടെ പശ്ചാത്തലത്തിൽ ശോഭാ സുരേന്ദ്രന്റെ മൊഴി നേരത്തെ പൊലീസ് രേഖപ്പെടുത്തിയിരുന്നു.
തെരഞ്ഞെടുപ്പ് സമയത്താണ് ശോഭ സുരേന്ദ്രനെ വ്യക്തിഹത്യ നടത്താൻ ദല്ലാൾ നന്ദകുമാർ ആരോപണങ്ങളുമായി രംഗത്തെത്തിയത്. എന്നാൽ തെളിവുകൾ സഹിതമാണ് നന്ദകുമാറിന്റെ ആരോപണങ്ങളെ ശോഭ നേരിട്ടത്. സ്വന്തം പേരിലുള്ള വസ്തു വിൽക്കുന്നതിന്റെ പേരിലാണ് പണം കൈപ്പറ്റിയത്. എന്നാൽ വസ്തു രജിസ്റ്റർ ചെയ്ത് വാങ്ങാൻ ആവശ്യപ്പെട്ടിട്ടും നന്ദകുമാർ തയ്യാറായില്ലെന്നും ശോഭ വ്യക്തമാക്കിയിരുന്നു.
ബിജെപിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളിലാണ് നന്ദകുമാർ ആരോപണങ്ങളുമായി രംഗത്തെത്തിയത്. പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ കെ ആന്റണിക്കെതിരെയും നന്ദകുമാർ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.