എറണാകുളം: വാട്ടർ അതോറിറ്റിയുടെ വീഴ്ചയെ തുടർന്ന് മഞ്ഞപ്പിത്തം പടർന്നു പിടിച്ച വേങ്ങൂർ പഞ്ചായത്തിനും രോഗ ബാധിതർക്കും ധനസഹായം അനുവദിക്കാതെ സർക്കാർ. 9ന് കളക്ടർ എൻ.എസ്.കെ.ഉമേഷ് സ്ഥലം സന്ദർശിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഇതുവരെയും ധനസഹായം പ്രഖ്യാപിച്ചിട്ടില്ല. ചികിത്സാ നിധിയിലൂടെയാണ് പഞ്ചായത്ത് അധികൃതർ ചികിത്സയ്‌ക്കും മറ്റുമായി പണം സമാഹരിക്കുന്നത്.
ഏപ്രിൽ 17 നാണ് പഞ്ചായത്തിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 217 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ആശുപത്രിയിൽ കഴിയുന്ന 40 പേരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. 2 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉടൻ ധനസഹായം പ്രഖ്യാപിക്കണെന്ന ആവശ്യം ഉയർന്നിട്ടും അധികാരികൾ മൗനം പാലിക്കുകയാണ്. ആരോഗ്യ മന്ത്രി വീണാ ജോർജോ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവോ ഇതുവരെയും സ്ഥലം സന്ദർശിച്ചിട്ടില്ല.
ഹെപ്പറ്റൈറ്റിസ് എ കാറ്റഗറിയിലുളള മഞ്ഞപ്പിത്തം പഞ്ചായത്തിലെ 170 കുടുംബങ്ങളെയാണ് ബാധിച്ചിട്ടുള്ളത്. പല കുടുംബങ്ങളും സ്വകാര്യ സ്ഥാപനങ്ങളും സംഘടനകളും നൽകുന്ന ഭക്ഷ്യകിറ്റിലൂടെയാണ് ജീവിതം പിടിച്ചുനിർത്തുന്നത്. അവസ്ഥ പരിതാപകരമായതിനാലാണ് സർക്കാർ സഹായത്തിനായി ആളുകൾ കാത്തിരിക്കുന്നത്. കുടിവെള്ളത്തിൽ മാലിന്യം കലർന്നതാണ് വൈറസ് ബാധയ്‌ക്ക് കാരണമായതെന്ന് അധികൃതർ കണ്ടെത്തി. തുടർന്ന് ജലസ്രോതസ്സിൽ സൂപ്പർ ക്ലോറിനേഷൻ നടത്തുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും അനിയന്ത്രിതമായി രോഗം പടർന്നിരുന്നു















