ചരിത്രത്തിലാദ്യമായി സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ ഷോ അരങ്ങേറി. റെഡ് സീ ഫാഷൻ വീക്കിന്റെ ഭാഗമായാണ് സൗദി അറേബ്യയുടെ പടിഞ്ഞാറൻ തീരത്തുള്ള സെന്റ് റെജിസ് റെഡ് സീ റിസോർട്ടിൽ വച്ച് സ്വിം സ്യൂട്ട് ഫാഷൻ ഷോ സംഘടിപ്പിച്ചത്. മൊറോക്കൻ ഡിസൈനറായ യാസ്മിൻ ഖാൻസായിയുടെ ഡിസൈനർ സ്വിം സ്യൂട്ടുകളാണ് വെള്ളിയാഴ്ച നടന്ന ഷോയിൽ പ്രദർശിപ്പിച്ചത്.
ഫ്രഞ്ച് ഫാഷൻ ഇൻഫ്ലുവൻസറായ റാഫേൽ സിമാകോർബെയും സിറിയയിൽ നിന്നുള്ള ഫാഷൻ ഇൻഫ്ലുവൻസറായ ഷൗഖ് മുഹമ്മദും ഷോയുടെ ഭാഗമായി. അറബ് രാജ്യത്തെ പ്രതിനിധീകരിക്കുന്ന സ്വിം സ്യൂട്ടുകൾ അവതരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് ഡിസൈനർ യാസ്മിൻ പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് വരെ സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്ന് നിർബന്ധമുള്ള രാജ്യത്താണ് ഈ മാറ്റമെന്നതാണ് ഏറ്റവും വലിയ പ്രേത്യേകത.