സിംഗപ്പൂർ: സിംഗപ്പൂരിൽ വീണ്ടും ആഞ്ഞടിച്ച് കോവിഡ് തരംഗം. മെയ് 5 മുതൽ 11 വരെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 25,900 ആയി ഉയർന്നിരിക്കുകയാണ്. ഇത് ആദ്യ ആഴ്‌ച്ചയിലെ (13,700) അപേക്ഷിച്ച് ഇരട്ടിയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് സിംഗപ്പൂർ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
ദിവസവും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണവും ഉയർന്നിട്ടുണ്ട്. നേരത്തെ 181 ആയിരുന്ന സ്ഥാനത്ത് ഇപ്പോൾ 250 ലധികമാണ് രോഗികളുടെ എണ്ണം. കേസുകളുടെ എണ്ണം അനുദിനം വർധിക്കുന്നതിനാൽ ഇതിന് ആവശ്യമായ കിടക്കകളും മറ്റു സൗകര്യങ്ങളും ഒരുക്കുവാൻ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ കുറയ്‌ക്കണമെന്നും ഗുരുതരമല്ലാത്തവരെ വീടുകളിലേക്ക് മടക്കി അയയ്‌ക്കുകയും അവര്‍ മൊബൈല്‍ ഇന്‍പേഷ്യന്റ് കെയര്‍ വഴി ചികിത്സ തുടരേണ്ടതാണെന്നും ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
60 വയസിന് മുകളിലുള്ളവരും മറ്റ് ഗുരുതരരോഗമുള്ളവരും ജാഗ്രത പാലിക്കണമെന്നും കഴിഞ്ഞ 12 മാസത്തിനിടെ കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ സുരക്ഷയുടെ ഭാഗമായി അധിക ഡോസ് സ്വീകരിക്കാന്‍ മറക്കരുതെന്നും ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു. ഇതിന്റെ ഭാഗമായി സാമൂഹിക നിയന്ത്രണങ്ങളോ മറ്റു നടപടികളോ ആരോഗ്യമന്ത്രാലയം കൈക്കൊണ്ടിട്ടില്ല.















