തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണത്തിൽ നടപടികളിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്‌ക്ക് സ്ഥാനക്കയറ്റം. സസ്‌പെൻഷനിലായിരുന്ന ആഭ്യന്തര വകുപ്പിലെ സെക്ഷൻ ഓഫീസർ ബിന്ദുവിനാണ് സ്ഥാനക്കയറ്റം നൽകിയത്. തുറമുഖ വകുപ്പിൽ അണ്ടർ സെക്രട്ടറിയായാണ് സ്ഥാനക്കയറ്റം.
കേസ് സംബന്ധിക്കുന്ന രേഖകൾ സിബിഐയ്‌ക്ക് കൈമാറുന്നതിൽ വീഴ്ച വരുത്തിയതിനായിരുന്നു നടപടി നേരിട്ടത്. വീഴ്ചയെ തുടർന്ന് മൂന്ന് ഉദ്യോഗസ്ഥരെയായിരുന്നു അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. വകുപ്പുതല നടപടികൾ നേരിട്ടിട്ടില്ലെന്ന പരാമർശത്തോടെയായിരുന്നു സ്ഥാനക്കയറ്റം നൽകിയത്.
ഫെബ്രുവരി 18-നാണ് സിദ്ധാർത്ഥിനെ കോളേജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സിബിഐയുടെ ആദ്യ ഘട്ടകുറ്റപത്രത്തിൽ 20 പ്രതികളാണ് ഉള്ളത്.