ന്യൂഡൽഹി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽവിട്ടു. ഡൽഹിയിലെ തീസ് ഹസാരി കോടതിയാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. ഇന്നലെ രാത്രി വൈകിയാണ് ബിഭവ് കുമാറിനെ കോടതിയിൽ ഹാജരാക്കിയത്. ഈ മാസം 23-ന് ഇയാളെ കോടതിയിൽ ഹാജരാക്കും.
മാലിവാളിന്റെ പരാതിയെ തുടർന്നും മർദ്ദനമേറ്റന്ന മെഡിക്കൽ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് ബിഭവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മാലിവാളിന് നേരെ ആക്രമണം നടന്നുവെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നിരുന്നു. റിപ്പോർട്ട് പ്രകാരം മാലിവാളിന്റെ ഇടത് കാലിനും വലത് കവിളിലും മർദ്ദനമേറ്റിട്ടുണ്ട്.
സംഭവ ദിവസമായ ഈ മാസം 13-ന് മാലിവാൾ അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ നിന്ന് ഇറങ്ങിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ എഎപി പുറത്തുവിട്ടിരുന്നു. കെജ്‌രിവാളിന്റെ സിവിൽ ലൈൻസ് വസതിയിൽ എത്തിയപ്പോഴാണ് സ്വാതി മാലിവാളിന് ക്രൂര മർദ്ദനമേറ്റത്. മുഖ്യമന്ത്രിയെ കാണാനെത്തിയ തന്നെ ബിഭവ് കാരണമില്ലാതെ അധിക്ഷേപിക്കുകയും മർദ്ദിക്കുകയുമായിരുന്നെന്ന് മാലിവാളിന്റെ പരാതിയിൽ പറഞ്ഞിരുന്നു.















