ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കനത്തചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഡൽഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗ വർദ്ധിക്കാൻ സാധ്യതയുള്ളത്. ഈ സംസ്ഥാനങ്ങളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിലെ താപനില 46.9 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരിക്കുകയാണ്.
ഡൽഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ അടുത്ത അഞ്ച് ദിവസങ്ങളിൾ കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും ഈ മാസം 22 വരെ കഠിനമായ ചൂട് അനുഭവപ്പെടാനുള്ള സാധ്യതുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉത്തരാഖണ്ഡ്, ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും 22 വരെ ഉഷ്ണതരംഗം വർദ്ധിക്കാൻ സാധ്യതയുണ്ട്.
ഉഷ്ണതരംഗ മുന്നറിയിപ്പ് കണക്കിലെടുത്ത് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. കുട്ടികൾ, മുതിർന്നവർ, അസുഖ ബാധിതർ തുടങ്ങിയവർ പുറത്തിറങ്ങരുതെന്നും കർശന നിർദേശമുണ്ട്. രാജസ്ഥാനിലെ ബാർമറിൽ (46.9 ഡിഗ്രി) ആണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ കേരളം, തമിഴ്നാട്, ലക്ഷദ്വീപ് സംസ്ഥാനങ്ങളിൽ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.















