ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിന്റെ പിഎ മർദ്ദിച്ച സംഭവത്തിൽ ഗുരുതര ആരേപണവുമായി രാജ്യസഭാ എംപി സ്വാതി മാലിവാൾ. എഎപി പുറത്തുവിട്ട സിസിടിവി ദൃശ്യത്തിൽ കൃത്രിമത്വം കാണിച്ചുവെന്നും തന്നെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ നശിപ്പിച്ചുവെന്നും സ്വാതി മാലിവാൾ പറഞ്ഞു.
സംഭവ സമയത്ത് ബൈഭവ് കുമാർ തന്നെ മർദ്ദിച്ച വിവരം സെക്യൂരിറ്റി ജീവനക്കാരെ അറിയിച്ചിരുന്നു. എന്നാൽ അവർ പ്രതികരിച്ചിരുന്നില്ല. എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് അവർ പുറത്തുവിട്ടതെന്നും സ്വാതി മാലിവാൾ വിമർശിച്ചു. 50 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ മാത്രമാണ് പ്രചരിപ്പിക്കുന്നത്. ബാക്കി മുഴുവൻ അവർ നശിപ്പിച്ചുവെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മാലിവാൾ എക്സിൽ കുറിച്ചു.
എന്നെ ബൈഭവ് ആദ്യം ക്രൂരമായി മർദ്ദിച്ചു. ചവിട്ടുകയും അടിക്കുകയും ചെയ്തു. അയാളുടെ പിടിവിട്ട് എന്നെ സ്വതന്ത്രയാക്കിയപ്പോഴാണ് ഞാൻ 112 ൽ വിളിച്ചത്. അയാൾ പുറത്തു പോയി സെക്യൂരിറ്റിയെ വിളിച്ചുകൊണ്ടുവന്നു. ഞാനും അവരും തമ്മിലുളള സംഭാഷണം ഫോണിൽ പകർത്തുകയായിരുന്നുവെന്നും സ്വാതി മാലിവാൾ പറഞ്ഞു. ബൈഭവ് എന്നെ മർദ്ദിച്ചുവെന്നാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥരോട് താൻ അലറുന്നതെന്നും അവർ വിശദീകരിച്ചു.
സ്വാതി മാലിവാൾ സുരക്ഷാ ഉദ്യോഗസ്ഥരോട് കയർക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ആരോപണം വഴിതിരിച്ചുവിടാൻ എഎപി ശ്രമിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വാതിയുടെ വിശദീകരണം. ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത ഫോണും ഇപ്പോൾ ഫോർമാറ്റ് ചെയ്തുവെന്നാണ് പറയുന്നതെന്നും സ്വാതി എക്‌സ് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി.
ബൈഭവ് കുമാറിന്റെ ഫോൺ രേഖകൾ പരിശോധിക്കുമെന്നും ഡിലീറ്റായ വിവരങ്ങൾ തിരിച്ചെടുക്കാൻ ഇയാളെ മുംബൈയിലേക്ക് കൊണ്ടുപോകുമെന്നും പൊലീസ് പറഞ്ഞു. ഡിവിആറിൽ ദൃശ്യങ്ങളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
അതേസമയം, ബൈഭവ് കുമാർ മാലിവാളിനെ ക്രൂരമായാണ് മർദ്ദിച്ചതെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ കോടതിയിൽ വ്യക്തമാക്കിയിരുന്നു.















