അവസാന മത്സരത്തിൽ ആശ്വാസം ജയവുമായി സീസൺ അവസാനിപ്പിക്കാമെന്ന പഞ്ചാബിന്റെ മോഹങ്ങൾക്ക് ഹൈദരാബാദിന്റെ തിരിച്ചടി.പഞ്ചാബുയർത്തിയ 215 റൺസിന്റെ വിജയലക്ഷ്യം അഞ്ചു പന്ത് ബാക്കി നിൽക്കെ ഹൈദരാബാദ് മറികടന്നു. ട്രാവിസ് ഹെഡ് ഒഴികെയുള്ള ബാറ്റർമാർ തകർത്തടിച്ചതോടെയാണ് ഹൈദരാബാദ് കൂറ്റൻ വിജയലക്ഷ്യം അനായാസമായി മറികടന്നത്. ജയത്തോടെ പോയിൻ്റ് ടേബിളിൽ രണ്ടാമത് കയറാനും ഓറഞ്ച് പടയ്‌ക്ക് സാധിച്ചു.
ഇന്നിംഗ്സിന്റെ ആദ്യ പന്തിൽ ഹെഡിനെ വീഴ്‌ത്തി അർഷദീപ് ഹൈദരാബാദിനെ ഞെട്ടിച്ചെങ്കിലും ആ ചിരി അധിക നേരം തുടർന്നില്ല. മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത അഭിഷേക് ശർമ്മ ആക്രമണം അഴിച്ചുവിട്ടു. രാഹുൽ ത്രിപാഠി (18 പന്തിൽ 33) ക്കൊപ്പം ചേർന്ന് രണ്ടാം വിക്കറ്റിൽ 72 റൺസിന്റെ കൂട്ടുക്കെട്ടുണ്ടാക്കി.
മൂന്നാം വിക്കറ്റിൽ നിതീഷ് കുമാർ റെഡ്ഡിക്കൊപ്പം(37) 57 റൺസിന്റെ പാർടണർഷിപ്പുണ്ടാക്കാനും അഭിഷേകിനായി. 28 പന്തിൽ 66 റൺസെടുത്ത താരത്തെ പുറത്താക്കി വ്യാസ്കാന്താണ് പഞ്ചാബിന് പ്രതീക്ഷ നൽകിയത്. എന്നാൽ ഹെൻ്റിച്ച് ക്ലാസൻ (26 പന്തിൽ 42) അതിനെ തല്ലിക്കെടുത്തി. ഒടുവിൽ അബ്ദുൾ സമദും(11),സൻവീർ സിംഗും (6), ചേർന്ന് വിജയതീരത്ത് അടുപ്പിക്കുകയായിരുന്നു. അർഷദീപിനും ഹർഷൽ പട്ടേലിനും രണ്ടുവീതം വിക്കറ്റ് ലഭിച്ചു. ഹർപ്രീത് ബ്രാർ,ശശാങ്ക് സിംഗ് എന്നിവർക്ക് ഓരോ വിക്കറ്റ് വീതവും.















