ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെ ഇതുവരെയും കണ്ടെത്താനായില്ല. ദൗത്യസംഘം ഹെലികോപ്റ്ററിനായി തെരച്ചിൽ തുടരുകയാണ്.
അസർബൈജാൻ അതിർത്തിയിൽ മൂടൽമഞ്ഞുള്ള മേഖലയിൽ ഹെലികോപ്റ്റർ ഇടിച്ചിറക്കിയെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. രക്ഷാദൗത്യത്തിനായി 40 സംഘങ്ങൾ അസർബൈജാൻ അതിർത്തിയിലെത്തി. എന്നിരുന്നാലും കനത്ത മൂടൽമഞ്ഞ് കാരണം അപകടം സംഭവിച്ചതായി കരുതപ്പെടുന്ന പ്രദേശത്തേക്ക് ദൗത്യസംഘത്തിന് പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. രാത്രിയായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നും കാണാതായ ഹെലികോപ്റ്റർ കണ്ടെത്താൻ ഇനിയും മണിക്കൂറുകൾ വേണ്ടിവന്നേക്കുമെന്നുമാണ് ഇറാൻ ആഭ്യന്തരമന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
ഇറാൻ പ്രസിഡന്റിനൊപ്പം വിദേശകാര്യമന്ത്രിയും കോപ്റ്ററിലുണ്ടായിരുന്നു. മൂന്ന് ദിവസത്തെ അസർബൈജാൻ സന്ദർശനത്തിന് ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. മൂന്ന് ഹെലികോപ്റ്ററുകളിലായാണ് പ്രസിഡന്റും സംഘവും യാത്ര നടത്തിയത്. ഇതിൽ രണ്ടെണ്ണം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തി. പ്രസിഡന്റും മന്ത്രിയും സഞ്ചരിച്ച കോപ്റ്ററാണ് കാണാതായത്. ഇതോടെ അപകടം സംഭവിച്ചെന്ന നിഗമനത്തിലെത്തുകയായിരുന്നു.















