ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ വസതിയിൽ വെച്ച് രാജ്യസഭാ എംപി സ്വാതി മാലിവാളിനെ മുഖ്യമന്ത്രിയുടെ പി എ ബിഭവ് കുമാർ ആക്രമിച്ച കേസിൽ ആക്രമിച്ച സംഭവത്തിൽ അവിടുത്തെ സി.സി.ടി.വി. ഡിജിററൽ വീഡിയോ റെക്കോഡർ (ഡി.വി.ആർ.) ഡൽഹി പോലീസ് പിടിച്ചെടുത്തു. ഇന്നലെ (ഞായറാഴ്ച) രാവിലെമുതൽ നടന്ന തെളിവെടുപ്പിൽ വൈകീട്ട് നാലുമണിയോടെയാണ് ഇവ പോലീസ് പിടിച്ചെടുത്തത്.
ആപ്പ് എം.പി. സ്വാതി മാലിവാൾ നൽകിയ പരാതിയിലാണ് ഡൽഹി പോലീസിന്റെ നടപടി.
സി.സി.ടി.വി.യിലെ ദൃശ്യങ്ങൾ പ്രതി നശിപ്പിച്ചതായി സ്വാതി ഞായറാഴ്ചയും ആരോപിച്ചിരുന്നു . സംഭവദിവസത്തെ ഊണുമുറിയിലേതുൾപ്പടെയുള്ള ദൃശ്യങ്ങൾ കണാനില്ലെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. അതിനാൽ കൂടുതൽ സാങ്കേതിക പരിശോധനയ്‌ക്കായാണ് ഡി.വി.ആർ. പിടിച്ചെടുത്തത്.
അന്വേഷണത്തോട് ബിഭവ് കുമാർ സഹകരിക്കുന്നില്ലെന്നും മറുപടി പറയാതെ ഒഴിഞ്ഞുമാറുന്നതായും പോലീസ് പറഞ്ഞു. 2015 മുതൽ മുഖ്യമന്ത്രിയുടെ പി.എയായി ജോലിചെയ്തുന്ന ഇയാളെ കഴിഞ്ഞ ഏപ്രിലിൽ പിരിച്ചുവിട്ടെന്ന് കെജ്‌രിവാളിന്റെ ഓഫീസ് അവകാശപ്പെടുന്നു. എന്നിട്ടും ഇയാൾ എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. ബിഭവിന്റെ ഐഫോൺ തെളിവുനശിപ്പിക്കാനായാണ് ഫോർമാറ്റ് ചെയ്തതെന്ന് പോലീസ് സംശയിക്കുന്നു. ഫോൺ സാങ്കേതികവിദഗ്‌ധന്റെ സഹായത്തോടെ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.
എഎപി പുറത്തുവിട്ട സിസിടിവി ദൃശ്യത്തിൽ കൃത്രിമത്വം കാണിച്ചുവെന്നും തന്നെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ നശിപ്പിച്ചുവെന്നും സ്വാതി മാലിവാൾ പറഞ്ഞു.സംഭവ സമയത്ത് ബൈഭവ് കുമാർ തന്നെ മർദ്ദിച്ച വിവരം സെക്യൂരിറ്റി ജീവനക്കാരെ അറിയിച്ചിരുന്നു. എന്നാൽ അവർ പ്രതികരിച്ചിരുന്നില്ല. എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് അവർ പുറത്തുവിട്ടതെന്നും സ്വാതി മാലിവാൾ വിമർശിച്ചു. 50 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ മാത്രമാണ് പ്രചരിപ്പിക്കുന്നത്. ബാക്കി മുഴുവൻ അവർ നശിപ്പിച്ചുവെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മാലിവാൾ എക്സിൽ കുറിച്ചു.
സ്വാതി മാലിവാൾ സുരക്ഷാ ഉദ്യോഗസ്ഥരോട് കയർക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ആരോപണം വഴിതിരിച്ചുവിടാൻ എഎപി ശ്രമിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വാതിയുടെ വിശദീകരണം. ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത ഫോണും ഇപ്പോൾ ഫോർമാറ്റ് ചെയ്തുവെന്നാണ് പറയുന്നതെന്നും സ്വാതി എക്‌സ് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി.
മേയ് 13-ന് രാവിലെ നടന്ന ആക്രമണത്തിൽ ശനിയാഴ്ചയാണ് ബിഭവിനെ ഡൽഹി പോലീസ് അറസ്റ്റുചെയ്തത്. അന്ന് രാത്രിയോടെ തീസ് ഹസാരി കോടതിയിൽ ഹാജരാക്കിയ ബിഭവിനെ അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.















