മാണ്ഡി: ലോക്സഭാ തെരെഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷ പങ്കുവച്ച് നടിയും മാണ്ഡിയിലെ ബിജെപി സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്ത്. കർശനമായ പ്രോട്ടോകോളുകൾ പാലിക്കുകയും വാഗ്ദാനങ്ങൾ നിറവേറ്റുകയും ചെയ്യുന്നത് ബിജെപിയാണെന്നും മറ്റുപാർട്ടികൾ ഇതൊന്നും ചെയ്യുന്നില്ലെന്നും അവർ വിമർശിച്ചു.
കങ്കണ ആദ്യമായാണ് ലോക്സഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. സ്വദേശമായ മാണ്ഡിയിൽ നിന്നും വിജയിച്ച് പാർലമെന്റിലെത്തിയാൽ താൻ എംപി ഓഫ് ദി ഇയർ അവാർഡ് സ്വന്തമാക്കുമെന്നും കങ്കണ പറഞ്ഞു.
“ഒരു അഭിനേത്രി എന്ന നിലയിൽ ഞാൻ പദ്മശ്രീയും ദേശീയ അവാർഡുകളുമുൾപ്പെടെനിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. ഭാവിയിൽ ഞാൻ തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ മാണ്ഡിയിലെ ജനങ്ങളെ പ്രതിനിധീകരിച്ച് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കും, അവർക്കുവേണ്ടി പ്രവർത്തിക്കും. ലോക്സഭയിൽ പലവിധ അവാർഡ് സെഷനുകൾ സംഘടിപ്പിക്കാറുണ്ട്. ഭാവിയിൽ എനിക്ക് എംപി ഓഫ് ദി ഇയർ അവാർഡ് ലഭിക്കുകയാണെങ്കിൽ ഞാനതിൽ വളരെ സന്തോഷവതിയായിരിക്കും,” കങ്കണ പറഞ്ഞു.
ഹിമാചലിൽ കർഷകർ നിരവധി പ്രതിസന്ധികൾ നേരിടുന്നുണ്ട്. ചിലർ ശീതീകരണ സംവിധാനമുള്ള സംഭരണശാലകളുടെ എണ്ണം വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഇറക്കുമതി തീരുവ വർധിപ്പിക്കണമെന്നാണ് മറ്റുള്ളവരുടെ ആവശ്യമെന്നും ആപ്പിൾ കർഷകരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടവെ കങ്കണ പറഞ്ഞു. മുൻ മുഖ്യമന്തി വീരഭദ്ര സിംഗിന്റെ മകൻ വിക്രമാദിത്യ സിംഗാണ് കങ്കണയുടെ മാണ്ഡിയിലെ പ്രധാന എതിരാളി. ജൂൺ 1 നാണ് ഹിമാചലിൽ വോട്ടെടുപ്പ് നടക്കുന്നത്.















