ന്യൂഡൽഹി: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റർ കണ്ടെത്തി. ദൗത്യസംഘം തകർന്ന ഹെലികോപ്റ്റർ കണ്ടെത്തിയെന്നും എന്നാൽ സാഹചര്യങ്ങൾ അത്ര നല്ലതല്ലെന്നും ഇറാന്റെ റെഡ് ക്രെസന്റ് തലവൻ പിർ-ഹൊസൈൻ കൗലിവാന്ദ് അറിയിച്ചു. ഹെലികോപ്റ്ററിനടുത്തേക്ക് എത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
കിഴക്കൻ അസർബൈജാനിലെ അപകട സ്ഥലത്ത് എമർജൻസി ടീമുകൾ എത്തിയിട്ടുണ്ട്. എന്നാൽ തണുപ്പ്, കനത്ത മഴ, ഇടതൂർന്ന മൂടൽമഞ്ഞ് എന്നിവ കാരണം രക്ഷാ പ്രവർത്തനം നീണ്ടുനിൽക്കുമെന്ന് ഇറാനിലെ വാർത്താ ഏജൻസി ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം വൈകീട്ട് 5 മണിയോടെയാണ് ഇറാൻ പ്രസിഡന്റും വിദേശകാര്യ മന്ത്രിയും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അപകടത്തിൽപെട്ടത്. മൂന്ന് ദിവസത്തെ അസർബൈജാൻ സന്ദർശനത്തിന് ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. മൂന്ന് ഹെലികോപ്റ്ററുകളിലായാണ് പ്രസിഡന്റും സംഘവും യാത്ര നടത്തിയത്. ഇതിൽ രണ്ടെണ്ണം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തി. പ്രസിഡന്റും മന്ത്രിയും സഞ്ചരിച്ച കോപ്റ്ററാണ് കാണാതായത്. ഇതോടെ അപകടം സംഭവിച്ചെന്ന നിഗമനത്തിലെത്തുകയായിരുന്നു.















