ലക്നൗ: രാജ്യത്തിന്റെ ഭാവിയ്ക്ക് വേണ്ടിയുള്ള നമ്മുടെ ഉത്തരവാദിത്തമാണ് സമ്മതി ദാനമെന്ന് കേന്ദ്രമന്ത്രിയും അമേഠി ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സ്മൃതി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ ഗൗരിഗഞ്ചിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
നമ്മുടെ രാജ്യത്തിന്റെ ഉത്തമ ഭാവിയ്‌ക്ക് വേണ്ടിയുള്ള ഉത്തരവാദിത്തമാണ് ഓരോ തെരഞ്ഞെടുപ്പും. നിങ്ങളുടെ ഓരോ വോട്ടും ഭാരതത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നൽകുകയും ജനസേവനത്തിന് പുതിയ തുടക്കം കുറിക്കുകയും ചെയ്യുന്നു. അമേഠിയിലെ ക്രമസമാധാനത്തിനും സമൃദ്ധിയ്‌ക്കും പുരോഗതിയ്ക്കും വേണ്ടി വോട്ടവകാശം വിനിയോഗിക്കണമെന്നും സ്മൃതി ഇറാനി പറഞ്ഞു.
അമേഠിയിൽ നിന്ന് രണ്ടാം തവണയാണ് സ്മൃതി ഇറാനി ജനവിധി തേടുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥിയായ കെ എൽ ശർമയാണ് ഇറാനിക്കെതിരെ മത്സര രംഗത്തുള്ളത്. അമേഠിയും റായ്ബറേലിയും ദേശീയ ശ്രദ്ധയാകർഷിക്കുന്ന മണ്ഡലങ്ങളാണ്. കഴിഞ്ഞ തവണ അമേഠിയിൽ നിന്ന് പരാജയപ്പെട്ട രാഹുൽ വീണ്ടും ജനവിധി തേടാനെത്തുമെന്നായിരുന്നു കോൺഗ്രസ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ അവസാന നിമിഷം റായ്ബറേലിയിലേക്ക് ചുവടുമാറിയതും വലിയ രാഷ്‌ട്രീയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.