തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്. ശക്തമായ മഴയെ തുടർന്ന് പത്തനംതിട്ടയിൽ ഇതരസംസ്ഥാന തൊഴിലാളിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. മല്ലപ്പള്ളി മണിമലയാറ്റിലാണ് ബിഹാർ സ്വദേശികളായ മൂന്ന് പേർ ഒഴുക്കിൽപ്പെട്ടത്. ഇവരിൽ രണ്ടുപേരെ രക്ഷപ്പെടുത്തുകയും ഒരാളെ കാണാതാവുകയും ചെയ്തു.
കനത്തമഴയുടെ പശ്ചാത്തലത്തിൽ അതിരപ്പിള്ളിയും വാഴച്ചാലും ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം 21, 22 തീയതികളിൽ നിരോധിച്ചു. അടുത്ത രണ്ട് ദിവസങ്ങളിൽ ജില്ലയിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. വിലങ്ങൻകുന്ന്, കലശമല, പൂമല ഡാം, ഏനമാവ് നെഹ്‌റു പാർക്ക്, ചെപ്പാറ, വാഴാനി ഡാം, പീച്ചി ഡാം, സ്‌നേഹതീരം ബീച്ച്, ചാവക്കാട് ബീച്ച്, തുമ്പൂർമുഴി റിവർ ഗാർഡൻ എന്നിവിടങ്ങിലേക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിനോദസഞ്ചാരികൾക്ക് പ്രവേശനമില്ല.
സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ അടുത്ത മണിക്കൂറുകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗമുള്ള കാറ്റിനും സാധ്യതയുണ്ട്. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും, താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ആളുകൾ സുരക്ഷിതമേഖലകളിൽ തുടരണമെന്നും അധികൃതർ അറിയിച്ചു.















