ന്യൂഡൽഹി: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ മന്ത്രി ഹുസൈൻ അമീറബ്ദുള്ള എന്നിവരോടുള്ള ആദരസൂചകമായി നാളെ രാജ്യത്ത് ദുഃഖാചരണം നടത്തും. ഇതിന്റെ ഭാഗമായി നാളെ പാർലമെൻ്റിലേതുൾപ്പെടെയുള്ള ദേശീയ പതാക താഴ്‌ത്തിക്കെട്ടും. ഔദ്യോഗിക ആഘോഷങ്ങളും ദുഖാചരണത്തിന്റെ ഭാഗമായി റദ്ദാക്കിയിട്ടുണ്ട്.
വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറാണ് പ്രസിഡൻ്റിന്റെ താത്കാലിക ചുമതല ഏറ്റെടുത്തത്. ഇറാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 131 അനുസരിച്ചാണിത്. പ്രസിഡന്റിന്റെ വിയോഗത്തെ തുടർന്ന് അടുത്ത 50 ദിവസത്തിനുള്ളിൽ പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പ് നടക്കും.
കഴിഞ്ഞ ദിവസമാണ് അസർബൈജാൻ സന്ദർശനം കഴിഞ്ഞ് മടങ്ങുന്ന വേളയിൽ ഇറാൻ പ്രസിഡന്റും വിദേശകാര്യമന്ത്രിയും സഞ്ചരിച്ചിരുന്ന ഹെലികോപ്പ്റ്റർ അപകടത്തിൽപ്പെട്ടത്. 20 മണിക്കൂറോളം നീണ്ടുനിന്ന തെരച്ചിലിന് ശേഷം ഹെലികോപ്റ്റർ കത്തിയമർന്ന നിലയിൽ കണ്ടെത്തിയത്. പ്രസിഡന്റും മന്ത്രിയുമടക്കം കോപ്റ്ററിലുണ്ടായിരുന്ന 9 പേരും മരിച്ചിരുന്നു.















