കൊച്ചി: മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്ന എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനു സമീപമുള്ള വെങ്ങൂരില്‍ ഒരു മരണം കൂടി സ്ഥിരീകരിച്ചു.
മഞ്ഞപ്പിത്തബാധയെ തുടർന്ന് കരിയാമ്പുറത്ത് കാർത്യായനി (51) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി പത്ത് മണിയോടെ മരിക്കുകയായിരുന്നു.
മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് ആദ്യം പെരുമ്പാവൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ച കാർത്യായനിയെ പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായി അവിടെനിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്കു മാറ്റിയിരുന്നു. രണ്ട് ആഴ്ചയോളം വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു
പെരുമ്പാവൂരിലെ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം 227 ആയി. വിവിധ ആശുപത്രികളിലായി 45 ഓളം പേർ ചികിത്സയിലാണ്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു.
ഈ പഞ്ചായത്തിലെ കൈപ്പള്ളിയിലെ ഒരു കുടുംബത്തിൽ മഞ്ഞപ്പിത്തബാധ റിപ്പോർട്ട് ചെയ്തത് ഏപ്രിൽ 17-നാണ്. പിന്നീട് മറ്റു ചില വാർഡുകളിൽ കൂടി രോഗബാധ സ്ഥിരീകരിച്ചു. ഏറെ താമസിച്ചാണ് മഞ്ഞപ്പിത്ത വ്യാപനം നടക്കുന്നതായി സംശയം പോലും ഉണ്ടായത്.
അതിനു ശേഷമാണ് വിശദമായ അന്വേഷണം തുടങ്ങിയതും. വക്കുവള്ളിയിലെ ജല അതോറിറ്റിയുടെ സംഭരണിയിൽനിന്നുള്ള കുടിവെള്ളം ഉപയോഗിച്ചവർക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.കൂലിപ്പണി ചെയ്ത് ജീവിക്കുന്നവരും പാവപ്പെട്ടവരുമായ ആയിരിക്കണക്കിനുപേർ കുടിവെള്ളത്തിന് ആശ്രയിക്കുന്ന ഏക ജലസ്രോതസ്സിൽനിന്നുള്ള വെള്ളം ശുചിയാക്കാതെ വാട്ടർ അതോറിറ്റി പമ്പ് ചെയ്തതാണു രോഗബാധയ്‌ക്ക് കാരണം എന്നാണ് ആരോപണം.
പല വീടുകളിലും മുഴുവൻ അംഗങ്ങളും രോഗബാധിതരാണ്. ആശുപത്രിയിൽ കഴിയുന്ന പലർക്കും ലക്ഷക്കണക്കിനു രൂപയാണ് ചികിത്സാ ചെലവിനായി കണ്ടെത്തേണ്ടി വരുന്നത്. ദിവസക്കൂലിക്ക് പണിയെടുത്ത് ജീവിക്കുന്നവരാണ് ഇവരിൽ ഭൂരിഭാഗവും.
വാട്ടർ ടാങ്കിനോട് ചേര്‍ന്നുള്ള പുലച്ചിറ എന്ന ഒരു ചെറിയ തടാകത്തിലെ വെള്ളമാണ് കിണറ്റില്‍നിന്നു പമ്പ് ചെയ്യുന്നത്. വെള്ളത്തിന്റെ ദൗർലഭ്യമുള്ളതിനാൽ കനാലിൽനിന്നുള്ള വെള്ളവും ഇവിടേക്ക് തിരിച്ചു വിടുന്നുണ്ട് എന്നാണ് റിപ്പോർട്ട്. ഇത് ക്ലോറിനേഷൻ നടത്തിയാണു പിന്നീട് പമ്പ് ചെയ്തു വന്നിരുന്നത്.
എന്നാൽ മഞ്ഞപ്പിത്തം പടർന്ന ശേഷം വെള്ളം പരിശോധിച്ചപ്പോള്‍ ക്ലോറിന്‍റെ അംശം പോലും കണ്ടെത്താനായില്ല എന്നാണ് പഞ്ചായത്ത് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞത്. താല്‍ക്കാലിക ജീവനക്കാരുടെ പരിചയക്കുറവാണ് ക്ലോറിനേഷനില്‍ വന്ന വീഴ്ചയ്‌ക്ക് കാരണമെന്നാണ് ജലഅതോറിറ്റി പറയുന്നത്.
പമ്പിങ്ങിലെ പ്രശ്നങ്ങള്‍ മണിക്കൂറുകൾക്കുള്ളിൽ പരിഹരിച്ചെന്നും വെള്ളത്തിലൂടെ അല്ലാതെയും രോഗം വ്യാപിക്കുന്ന സാഹചര്യമുണ്ട് എന്നുമുള്ള ന്യായങ്ങൾ അവതരിപ്പിച്ച് ജല അതോറിറ്റി കൈ കഴുകുകയാണ്.