പൊതു തെരഞ്ഞെടുപ്പിൽ രാജ്യത്തുടനീളം പോളിംഗ് ശതമാനം കുറവാണെന്ന വ്യാജപ്രചരണങ്ങൾക്കിടയിൽ 100 ശതമാനം പോളിംഗ് രേഖപ്പെടുത്തി വിസ്മയമാകുകയാണ് ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിലെ ഝാൻസി ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള ആദിവാസി ഗ്രാമങ്ങൾ. ഇവിടുത്തെ വനവാസി ഭൂരിപക്ഷമുള്ള ഗ്രാമങ്ങളായ സൗൽദ, ബഹ്‌മൗര നാഗൽ, ബുദ്‌നി നരാഹത്ത് എന്നിവയാണ് ആ മൂന്ന് ഗ്രാമങ്ങൾ.
ഇതിൽ സൗൽദ വില്ലേജിന് മറ്റൊരു ചരിത്ര നേട്ടം കൂടിയുണ്ട്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ സൗൽദ വില്ലേജിലെ ഏക പോളിംഗ് ബൂത്ത് 277-ൽ ഉച്ചയ്‌ക്ക് 12 മണിയോടെ 100 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഝാൻസി ലോക്‌സഭാ സീറ്റിലെ മെഹ്‌റൗണി അസംബ്ലി മണ്ഡലത്തിന് കീഴിലുള്ള ഒരു ആദിവാസി ഗ്രാമമാണ് സൗൽദ. ഇവിടെ 198 പുരുഷന്മാരും 177 സ്ത്രീകളും ഉൾപ്പെടെ ആകെ 375 വോട്ടർമാരുണ്ട്. പോളിംഗ് ആരംഭിച്ച് അഞ്ച് മണിക്കൂറിനുള്ളിൽ എല്ലാ വോട്ടുകളും രേഖപ്പെടുത്തിയ രാജ്യത്ത് ഇത്തരമൊരു സംഭവം ഇതാദ്യമാണെന്ന് ജില്ലാ അധികൃതർ പറയുന്നു.
സൗൽദ വില്ലേജിൽ 100 ശതമാനം പോളിംഗ് ഉറപ്പാക്കാൻ, BDO സൗരഭ് ബർൺവാൾ നടത്തിയ അത്യുത്സാഹമാണ് ഫലം കണ്ടത്. അദ്ദേഹം ഗ്രാമീണർക്ക് അവരുടെ വോട്ടവകാശത്തെക്കുറിച്ച് നിരന്തരം ബോധവൽക്കരണം നടത്തി. BDO സൗരഭ് ബർൺവാൾ ബെംഗളൂരുവിൽ ജോലി ചെയ്യുന്ന രണ്ട് പേർക്ക് ഭോപ്പാൽ വരെ വിമാന ടിക്കറ്റ് സ്വന്തം പോക്കറ്റിൽ നിന്ന് വാങ്ങി. ലളിത്പൂർ ഡിഎം അക്ഷയ് ത്രിപാഠി ഒരു പടി കൂടി കടന്ന്, ഭോപ്പാലിൽ നിന്ന് അവരെ സംസ്ഥാന സർക്കാർ വാഹനത്തിൽ സൗൽദ ഗ്രാമത്തിലേക്ക് എത്തിച്ചു. ഇത് കൂടാതെ 18,000 രൂപ ചെലവഴിച്ച് ഇൻഡോറിൽ നിന്ന് 30 പേരെ ബസിലും വോട്ടിംഗ് ദിനത്തിൽ നാട്ടിലെത്തിച്ചു.
വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഗ്രാമത്തിലെ ജനങ്ങളെ നിരന്തരം ബോധവത്കരിച്ചതായി ഗ്രാമമുഖ്യൻ ശ്രീ ബായി പറഞ്ഞു. വോട്ട് ചെയ്യുന്നത് തങ്ങളുടെ കടമയും അവകാശവുമാണെന്ന് അവരോട് ഉദ്യോഗസ്ഥർ നിരന്തരം പറഞ്ഞു. എല്ലാ വോട്ടർമാരെയും അധികൃതർ കൃത്യമായി മാപ്പ് ചെയ്തിരുന്നു . അതുകൊണ്ടാണ് ഈ റെക്കോർഡ് നോടാൻ സാധിച്ചത്.
സൗൽദ വില്ലേജിനൊപ്പം ബാർ ബ്ലോക്കിലെ ബഹ്‌മൗര നാഗൽ, ബുദ്‌നി നരാഹത്ത് എന്നിവിടങ്ങളിലും 100 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി ലളിത്പൂർ എഡിഎം അങ്കുർ ശ്രീവാസ്തവ പറഞ്ഞു. ബഹ്‌മൗര നാഗലിൽ 235 പുരുഷന്മാരും 206 സ്ത്രീകളും ഉൾപ്പെടെ 441 വോട്ടർമാരുണ്ട്, ബുദ്‌നി നരാഹത്തിൽ 116 പുരുഷന്മാരും 99 സ്ത്രീകളും ഉൾപ്പെടെ 215 വോട്ടർമാരാണുള്ളത്.
ഝാൻസി ലോക്‌സഭാ മണ്ഡലത്തിൽ ബിജെപിയുടെ അനുരാഗ് ശർമ്മയും കോൺഗ്രസ് സ്ഥാനാർത്ഥി പ്രദീപ് ജെയിനും ബിഎസ്പിയുടെ രവി കുശ്വാഹയും തമ്മിലാണ് മത്സരം. 10 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സരരംഗത്തുള്ളത്.
ഝാൻസിലോക്‌സഭാ സീറ്റിൽ 63.57 ശതമാനം വോട്ട് രേഖപ്പെടുത്തി. മെഹ്‌റൗണി നിയമസഭാ മണ്ഡലത്തിൽ മാത്രം 70.41 ശതമാനം വോട്ടിംഗാണ് രേഖപ്പെടുത്തിയത്.