കൊൽക്കത്ത: ബംഗാൾ കോൺഗ്രസിൽ ഭിന്നത രൂക്ഷം. ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ തൃണമൂൽ കോൺഗ്രസ് അനുകൂല നിലപാടാണ് പാർട്ടി പ്രവർത്തകരെ ചൊടിപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്നടക്കം വിട്ടു നിൽക്കുകയാണ് സംസ്ഥാന ഭാരവാഹികൾ.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വിമർശിച്ച മുതിർന്ന നേതാവ് അധിർ രഞ്ജൻ ചൗധരിയെ ഖാർഗെ പരസ്യമായി ശാസിച്ചിരുന്നു. ഇതിന് പിന്നാലെ ഖാർഗെ “തൃണമൂൽ കോൺഗ്രസിന്റെ ഏജന്റെന്ന് എഴുതിയ ബോർഡുകൾ സംസ്ഥാന കമ്മിറ്റി ഓഫീസിലടക്കം പ്രത്യക്ഷപ്പെട്ടു. ദേശീയ നേതാക്കളുടെ ചിത്രങ്ങൾ പതിച്ച ബോർഡുകളിൽ ഖാർഗെയുടെ ചിത്രം കറുത്ത ചായം തേച്ച് വികൃതമാക്കിയ നിലയിലാണ്.
തമ്മിലടി നാണക്കേടിന്റെ വക്കിലെത്തിയതിന് പിന്നാലെ ഭാരവാഹികൾക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന മുന്നറിയിപ്പമായി ദേശീയ ഘടകം രംഗത്തെത്തി. ഇത്തരം പരസ്യമായ ധിക്കാരവും അച്ചടക്കരാഹിത്യവും പാർട്ടി വെച്ചുപൊറുപ്പിക്കില്ലെന്ന് ദേശീയ സെക്രട്ടറി കെ സി വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തില്ലെന്ന കടുത്ത നിലപാടിലാണ് ഭാരവാഹികൾ















