എറണാകുളം: നെടുമ്പാശേരി കേന്ദ്രീകരിച്ച് നടന്ന അവയവക്കടത്ത് എൻഐഎ അന്വേഷിച്ചേക്കും. അന്താരാഷ്‌ട്ര ബന്ധം പരിഗണിച്ചാണ് ദേശീയ ഏജൻസി കേസ് ഏറ്റെടുക്കുന്നത്. നിലവിൽ ആലുവ ഡിവൈഎസ്പി എ. പ്രസാദിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം, അവയവക്കച്ചവടത്തിന് ഇരയായവർ ഇറാനിൽ നിന്ന് തിരിച്ചെത്തിയോ എന്നത് സ്ഥിരീകരിക്കാൻ നിലവിലുള്ള അന്വേഷണസംഘത്തിന് ആയിട്ടില്ല. അവയവ കച്ചവടത്തിന് പുറമേ മനുഷ്യക്കടത്ത് സംബന്ധിച്ചും എൻഐഎ അന്വേഷണത്തിന്റെ പരിധിയിൽ വരും.
അവയവക്കച്ചവട റാക്കറ്റിൽപ്പെട്ടയാൾ നേരത്തെ മുംബൈയിൽ പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് മലയാളിയായ സബിത് നാസറിന്റെ വിവരങ്ങൾ കേന്ദ്ര ഏജൻസികൾക്ക് ലഭിച്ചത്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് സബിത് നാസറിനെ പിടികൂടിയത്. പ്രതി 2019 മുതൽ റാക്കറ്റുമായി ബന്ധപ്പെട്ട പ്രവർത്തിച്ചതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ആദ്യം ഇരുപത് ഇരകളുടെ പട്ടികയാണ് പ്രതി അന്വേഷണ സംഘത്തിന് നൽകിയതെങ്കിലും മുപ്പതോളം പേരെ കൊണ്ടു പോയതായി പിന്നീട് മൊഴി മാറ്റി. ഇരകൾ യുവാക്കളായതിനാൽ ദുരൂഹതകൾ വർദ്ധിക്കുകയാണ്.
സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടോയെന്നും എൻ ഐ എ പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രതിയെ എൻഐഎയും ഐബിയും ചോദ്യം ചെയ്തിരുന്നു.















