ന്യൂഡൽഹി : അരിയിൽ ആഴ്‌സനിക്കിന്റെ സാന്നിധ്യം സംബന്ധിച്ച് വിശദീകരണം തേടി ദേശീയ ഹരിത ട്രിബ്യൂണൽ. കേന്ദ്ര കൃഷി പരിസ്ഥിതി മന്ത്രാലയം, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവരോടാണ് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഇംഗ്ലീഷ് മാദ്ധ്യമത്തിൽ വന്ന ലേഖനം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹരിത ട്രിബ്യൂണൽ സ്വമേധയാ വിശദീകരണം ആവശ്യപ്പെട്ടത്.
അരി അടക്കമുള്ള ഭക്ഷ്യവസ്തുക്കളിൽ വിഷ രാസവസ്തുവായ ആഴ്‌സനിക്കിന്റെ സാന്നിധ്യം ഉണ്ടെന്നായിരുന്നു ലേഖനത്തിന്റെ ഉള്ളടക്കം. ‘ഭക്ഷണത്തിലെ ആഴ്‌സനിക്: പാകം ചെയ്യുന്നതിന് മുമ്പ് അരി കഴുകണോ?’ എന്ന തലക്കെട്ടൊടെയായിരുന്നു ലേഖനം പ്രസിദ്ധീകരിച്ചത്.
വെള്ളപ്പൊക്കമുള്ള പ്രദേശത്ത് കൃഷി ചെയ്യുന്ന നെല്ലിന് ഉയർന്ന ജലാംശം കാരണം ആഴ്സനിക്കിന്റെ തോത് ഇരട്ടിയാണെന്നും ലേഖനത്തിൽ പറഞ്ഞിരുന്നു. മന്ത്രാലയങ്ങളിൽ നിന്നും വിശദീകരണം ലഭിച്ചശേഷം സെപ്തംബറിൽ കേസ് വീണ്ടും പരിഗണിക്കും.
ആഴ്സനിക്കിന്റെ ദീർഘകാല സാന്നിധ്യം കാൻസർ, പ്രമേഹം, ഹൃദ്രോഗം പോലുള്ള രോഗങ്ങൾക്ക് കാരണമായേക്കാം.