തിരുവനന്തപുരം: മദ്യവിൽപനയിലൂടെ ഖജനാവിലെ വരുമാനം ഉയർത്താൻ ലക്ഷ്യമിട്ട് ഡ്രൈ ഡേ പിൻവലിക്കാൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ചീഫ് സെക്രട്ടി വി വേണുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഡ്രൈ ഡേ പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന നിർദേശം ഉയർന്നത്. വിശദാംശങ്ങൾ തയ്യാറാക്കാനായി ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തി. വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ബിവറേജസ് ഔട്ട്‌ലെറ്റുകൾ ലേലം ചെയ്യുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്.
വർഷങ്ങളായുള്ള ബാർ ഉടമകളുടെ ആവശ്യമാണ് സംസ്ഥാനത്ത് ഡ്രൈ ഡേ പിൻവലിക്കണം എന്നുള്ളത്. എന്നാൽ ഡ്രൈ ഡേ അവതരിപ്പിച്ചതിന്റെ ഉദ്ദേശ്യത്തെ തന്നെ ചോദ്യം ചെയ്യപ്പെടുമെന്നതിനാൽ സർക്കാരുകൾ അത് അംഗീകരിച്ചില്ല. കഴിഞ്ഞ മാർച്ച് 1ന് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഡ്രൈ ഡേ പിൻവലിക്കുന്നതിനെ പറ്റിയുള്ള ചർച്ചകൾ നടന്നത്. സെക്രട്ടറിയേറ്റിലെ സൗത്ത് കോൺഫറൻസ് ഹാളിൽ മാർച്ച് 3ന് നടന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലും ഇക്കാര്യം ചർച്ച ചെയ്തതായാണ് സൂചന.
സംസ്ഥാനത്ത് എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേയാണ്. ഇതിന്റെ ഭാഗമായി വർഷത്തിൽ 12 ദിവസം സംസ്ഥാനത്ത് മദ്യ വിൽപനയില്ല. കേരളത്തിന് വരുമാനവും തൊഴിലവരസരങ്ങളും ഇതിലൂടെ നഷ്ടപ്പെടുന്നുവെന്നാണ് വിലയിരുത്തൽ.