സിംഗപ്പൂർ: സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മുപ്പതിലധികം പേർക്ക് പരക്കേറ്റു. സിംഗപ്പൂർ എയർലൈൻസിന്റെ ബോയിംഗ് 777-300ER വിമാനമാണ് അപകടത്തിൽപെട്ടത്. സംഭവത്തെ തുടർന്ന് വിമാനം ബാങ്കോക്കിൽ അടിയന്തിര ലാൻഡിംഗ് നടത്തി.
ലണ്ടനിൽ നിന്നും സിംഗപ്പൂരിലേക്ക് പോവുകയായിരുന്ന വിമാനമാണ് ആകാശച്ചുഴിയിൽ അകപ്പെട്ടത്. തായ്ലൻഡിന് അടുത്തെത്തിയപ്പോഴാണ് മൂന്ന് മിനിറ്റിനുള്ളിൽ വിമാനം ഏകദേശം 37,000 അടി ഉയരത്തിൽ നിന്ന് 31,000 അടിയിലേക്ക് താഴ്ന്നത്. പത്ത് മിനിറ്റോളം കുത്തനെ നിന്നു. വിമാനത്തിന് വലിയ കുലുക്കവും സംഭവിച്ചിരുന്നു. സീറ്റ് ബെൽറ്റ് ധരിക്കാതെ ഇരുന്നവരാണ് അപകടത്തിൽപെട്ടത്.
അപകടത്തെ തുടർന്ന് വൈകിട്ട് 4 മണിയോടെ ബാങ്കോക്കിലെ സുവർണഭൂമി വിമാനത്താവളത്തിൽ വിമാനം അടിയന്തിര ലാൻഡിംഗ് നടത്തി. അപകടത്തിൽ പരിക്കേറ്റവർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. 211 യാത്രക്കാരും 18 ജീവനക്കാരുമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.
വിമാനത്തിലെ യാത്രക്കാർക്കും ജീവനക്കാർക്കും എല്ലാ സഹായവും നൽകുന്നതിനാണ് മുൻഗണനയെന്ന് സിംഗപ്പൂർ എയർലൈൻസ് അധികൃതർ അറിയിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം നൽകാൻ തായ്‌ലൻഡിലെ പ്രാദേശിക അധികാരികളുമായി തങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.















