ഭോപ്പാൽ: വിദേശ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുളള അക്രമങ്ങൾ റിപ്പോർട്ട് ചെയ്ത കിർഗിസ്ഥാനിലെ ഇന്ത്യൻ വിദ്യാർത്ഥികളുമായി വീഡിയോ കോളിൽ സംസാരിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. കുട്ടികൾ സുരക്ഷിതരാണെന്നും അവർക്ക് കൃത്യമായ സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഷയത്തിൽ കേന്ദ്രസർക്കാരും കിർഗിസ്ഥാൻ സർക്കാരുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും മോഹൻ യാദവ് വിദ്യാർത്ഥികളെ അറിയിച്ചു. പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും പരീക്ഷ കഴിഞ്ഞാൽ സുരക്ഷിതമായി ഇന്ത്യയിലെത്തിക്കാനുളള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ഇപ്പോൾ വിദ്യാർത്ഥികളെ തിരിച്ചെത്തിച്ചാൽ അവർക്ക് ഒരു വർഷം നഷ്ടമാകും. അതുകൊണ്ടാണ് നിലവിൽ അതിന് മുതിരാതിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 30,000 ത്തോളം ഇന്ത്യൻ വിദ്യാർത്ഥികളാണ് കിർഗിസ്ഥാനിൽ മെഡിക്കൽ രംഗത്തും മറ്റുമായി പഠിക്കുന്നത്. ഇതിൽ 1200 പേരോളം മധ്യപ്രദേശിൽ നിന്നുളളവരാണ്.
ഇന്ത്യൻ വിദ്യാർത്ഥികൾ സുരക്ഷിതരാണെന്ന് കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കേക്കിലെ ഇന്ത്യൻ എംബസിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈജിപ്തിൽ നിന്നുൾപ്പെടെയുളള വിദ്യാർത്ഥികളും തദ്ദേശീയരായ വിദ്യാർത്ഥികളും തമ്മിലുളള സംഘർഷങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. ഇന്ത്യയും പാകിസ്താനും ഉൾപ്പെടെയുളള രാജ്യങ്ങൾ വിദ്യാർത്ഥികൾക്ക് ജാഗ്രതാ നിർദ്ദേശങ്ങളും നൽകിയിരുന്നു.















