ലക്നൗ: ഭീകര നേതാക്കളെയും മാഫിയ സംരക്ഷകരെയും അധികാരം കവരാൻ അനുവദിക്കരുതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസും സമാജ് വാദി പാർട്ടിയും ഒന്നിച്ചാൽ ജനങ്ങൾ പ്രതിസന്ധിയിലാകുമെന്നും യോഗി പറഞ്ഞു. കോൺഗ്രസിനെയും സമാജ്‍വാദി പാർട്ടിയെയും രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് യോഗിയുടെ വാക്കുകൾ. ധുമരിയാഗഞ്ച് എംപിയും ലോക്‌സഭാ സ്ഥാനാർത്ഥിയുമായ ജഗദംബിക പാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു യോഗി.
ഇന്ന്, മാഫിയ സംഘങ്ങൾക്ക് തിരിച്ചടി നേരിടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുമ്പോൾ സമാജ് വാദ് പാർട്ടിക്ക് വേദനിക്കുന്നു. ഞങ്ങളൊരിക്കലും മാഫിയകളുമായി ബന്ധമുള്ളവരോട് കൂട്ടുകൂടില്ല. തീവ്രവാദികളോടും മാഫിയകളോടും ബന്ധമുണ്ടാക്കി അധികാരം നേടാൻ അവർ ആരും ഞങ്ങളുടെ ശക്തിയല്ല. സമാജ് വാദി പാർട്ടിയും കോൺഗ്രസും ഒത്തുചേരുമ്പോൾ ദുരന്തമായി മാറുകയാണെന്ന് യോഗി പറഞ്ഞു.
കേന്ദ്രത്തിൽ കോൺഗ്രസും ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയും അധികാരത്തിലിരുന്നപ്പോഴാണ് ഭീകരാക്രമണങ്ങൾ നടന്നത്. അയോധ്യയിലെ ശ്രീരാമജന്മഭൂമി, അയോധ്യ, ലഖ്‌നൗ, വാരണാസി എന്നിവിടങ്ങളിലെ കോടതികൾക്ക് നേരെ ഭീകരാക്രമണങ്ങൾ ഉണ്ടായി. അഖിലേഷ് യാദവ് മുഖ്യമന്ത്രി ആയതിന് പിന്നാലെ തീവ്രവാദികൾക്കെതിരായ കേസുകൾ കേസുകൾ പിൻവലിക്കാനാണ് ശ്രമിച്ചത്. മാഫിയകളും സമാജ് വാദ് പാർട്ടിയും തമ്മിലുള്ള ബന്ധം ജനങ്ങളും തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും യോഗി ചൂണ്ടിക്കാട്ടി.
മാഫിയകളോട് സമാജ് വാദി പാർട്ടിക്കുള്ള മൃദുസമീപനം മൂലമാണ് 2014, 2017, 2019, 2022 തുടങ്ങിയ വർഷങ്ങളിൽ പൊതുജനം ഇവരെ തള്ളികളഞ്ഞത്. ഇൻഡി സഖ്യം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നുണകളും കിംവദന്തികളുമാണ് പ്രചരിപ്പിക്കുന്നത്. അവരുടെ സഖ്യം വിജയിക്കാൻ ഒരിക്കലും അനുവദിക്കരുത്. പ്രത്യേകിച്ച് അജണ്ടകളൊന്നും ഇല്ലെങ്കിലും എസ്‌സി, എസ്ടി, ഒബിസി സംവരണം തകർക്കാനാണ് ഇവർ ഇൻഡി സഖ്യം രൂപീകരിച്ചത്. ഇതിനു വേണ്ടിയാണ് സമാജ് വാദി പാർട്ടി ഇവർക്കൊപ്പം ചേർന്നത്. അധികാരത്തിൽ വന്നാൽ എസി, എസ്ടി സംവരണാവകാശത്തിന്റെ പകുതി മുസ്ലീങ്ങൾക്ക് നൽകുമെന്നാണ് അവർ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിക്ക് അവസരം ലഭിച്ചപ്പോൾ അയോധ്യയിൽ രാംലല്ലയെ പ്രതിഷ്ഠിച്ചു. രാമ ഭക്തർക്ക് നേരെ സമാജ് വാദ് പാർട്ടിക്കാർ വെടിയുതിർക്കാറുണ്ട്. സമാജ് വാദി ജനറൾ സെക്രട്ടറി രാമക്ഷേത്രത്തെ ഉപയോഗ ശൂന്യമായതെന്നാണ് പറഞ്ഞത്. ഭഗവാൻ രാമൻ ലോകത്തിന്റെ പരമപിതാവാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
രാജ്യത്തെ ജനങ്ങൾക്കുവേണ്ടി നിരവധി പദ്ധതികളാണ് പ്രധാനമന്ത്രി നടപ്പിലാക്കിയിരിക്കുന്നത്. 60 കോടി ജനങ്ങൾക്ക് ഓരോ വർഷവും 5 ലക്ഷം രൂപയുടെ ആയുഷ്മാൻ ഭാരതിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. പാവപ്പെട്ടവർക്കുവേണ്ടി ജൻധൻ അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്. രാജ്യത്തെ 12 കോടി കർഷകർക്ക് കിസാൻ സമ്മാൻ നിധി ലഭിക്കുന്നുണ്ട്.12 കോടി പാവപ്പെട്ട വീടുകളിൽ ശൗചാലയങ്ങൾ നിർമിച്ചു. ഉജ്ജ്വല യോജന പ്രകാരം 10 കോടി പാവപ്പെട്ട ആളുകൾക്ക് ഗ്യാസ് കണക്ഷൻ ലഭിച്ചു, 4 കോടി പാവങ്ങൾക്ക് വീടുകളും നൽകിയിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.