എറണാകുളം: പെരിയാറിലും പരിസര ജലാശയങ്ങളിലും മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവത്തിൽ ശക്തമായ പ്രതിഷേധം. ചത്ത് ചീഞ്ഞ മീനുകളെ മിലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് വലിച്ചെറിഞ്ഞാണ് ജനപ്രതിനിധികളും കർഷകരും പ്രദേശവാസികളും പ്രതിഷേധം പ്രകടിപ്പിച്ചത്.
മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെൻ്റൽ എഞ്ചിനിയറെ ഏലൂർ നഗരസഭ കൗൺസിലർമാർ ഉപരോധിക്കുകയും ചെയ്തു. ചർച്ചയ്‌ക്കെത്തിയ ഉദ്യോഗസ്ഥനെ ഓഫീസിന് പുറത്ത് വാഹനത്തിൽ തടഞ്ഞായിരുന്നു ഉപരോധം. പ്രതിഷേധം ശക്തമായതോടെ പൊലീസുമായി ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായി. വലിയ കുട്ടകളിൽ മീനുകളുമായെത്തിയായിരുന്നു പ്രതിഷേധം.
കോടികളുടെ നാശനഷ്ടമാണ് തങ്ങൾക്കുണ്ടായതെന്ന് മത്സ്യക്കർഷകർ ഒന്നടങ്കം പറയുന്നത്. സർക്കാർ സ്ഥാപനങ്ങളുടെ അനാസ്ഥയാണ് ഈ ദുരന്തത്തിന് പിന്നിലെന്നും ചൂണ്ടിക്കാട്ടി. ഇത്രയധികം നഷ്ടം ഇതുവരെയും മത്സ്യ കർഷകർക്ക് ഉണ്ടായിട്ടില്ലെന്നാണ് കർഷകർ പറയുന്നത്.
പെരിയാറിന്റെ കൈവഴിയിൽക്കൂടി രാസമാലിന്യം ഒഴുക്കിയതിനെത്തുടർന്നാണ് ഈ ദുരന്തമുണ്ടായതിന് കാരണമെന്നാണ് സംശയം. ഏലൂർ, വരാപ്പുഴ, ചേരാനല്ലൂർ, കോതാട്, പിഴല, മൂലമ്പിള്ളി തുടങ്ങിയ പ്രദേശങ്ങളിലാണ് മത്സ്യങ്ങൾ ചത്തു പൊങ്ങിയത്. രാസമാലിന്യം കലർന്നതിനാൽ ചില ഭാഗങ്ങളിൽ പുഴയിലെ വെള്ളത്തിന്റെ നിറവും മാറിയിരുന്നു. രൂക്ഷമായ ദുർഗന്ധവും ഉണ്ടായിരുന്നു.
അലൈൻസ് മറൈൻ എന്ന സ്ഥാപനത്തിൽ നിന്ന് രാസമാലിന്യം ഒഴുക്കിയതായാണ് ഒഴുക്കിയതായാണ് റിപ്പോർട്ടുകൾ. നിരീക്ഷണ ക്യാമറകളും പരിശോധിക്കും. ബണ്ട് ഷട്ടറുകൾ തുറന്നു വിട്ടത് ജലസേചന വകുപ്പ് മലിനീകരണ നിയന്ത്രണ ബോർഡിനെ അറിയിച്ചിരുന്നില്ലെന്നും എൻവയോൺമെൻ്റൽ എഞ്ചിനിയർ പറഞ്ഞു. രാസമാലിന്യങ്ങൾ ഉണ്ടോയെന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് എൻവയോൺമെൻ്റൽ എഞ്ചിനിയർ സജീഷ് ജോയ് വ്യക്തമാക്കി.















