എറണാകുളം: വേങ്ങൂരിൽ 232 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചിട്ടും രോഗം നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ്. മുടക്കുഴ പഞ്ചായത്തില്‍ രോഗികളില്ലെന്നും വേങ്ങൂരില്‍ പുതിയ രോഗബാധിതർ ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് എറണാകുളം ഡിഎംഒ മൂവാറ്റുപുഴ ആർഡിഒയ്‌ക്ക് റിപ്പോർട്ട് നൽകിയത്.
ക്രമാതീതമായി മഞ്ഞപ്പിത്തം വ്യാപിക്കാനുള്ള കാരണം തേടി ആർഡിഒ നടത്തുന്ന മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ റിപ്പോർട്ട് അഞ്ച് ദിവസത്തിനുള്ളില്‍ ജില്ലാ കളക്ടർക്ക് സമർപ്പിക്കാനാണ് തീരുമാനം. വേങ്ങൂർ മുടക്കുഴ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം പടർന്നു പിടിച്ചത്. പെട്ടെന്നുള്ള വ്യാപനത്തിൽ ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു അന്വേഷണം. രോഗം നിയന്ത്രണ വിധേയമാണെന്ന് പറയുമ്പോഴും രണ്ടുപേർ അത്യാസന്ന നിലയിൽ കഴിയുകയാണ്.
തിങ്കളാഴ്ച മഞ്ഞപ്പിത്തം ബാധിച്ച് എറണാകുളം വേങ്ങൂരിൽ ഒരു മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം മലപ്പുറത്ത് 22 കാരനും മഞ്ഞപ്പിത്ത ബാധയെ തുടർന്ന് മരണപ്പെട്ടിരുന്നു. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് 1,977 പേർക്കാണെന്നാണ്
ആരോഗ്യ വകുപ്പിന്റെ കണക്ക്.















