കപ്പ് പൊക്കാൻ പോയവരുടെ ശ്രദ്ധയ്‌ക്ക്, ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് KSRTC സ്ലീപ്പർ/ സെമി സ്ലീപ്പർ ലഭ്യമാണ്; RCB ആരാധകരെ ട്രോളി KSRTC ഫാൻ പേജ്

Published by
Janam Web Desk

കൊട്ടാരക്കര: ഐപിഎൽ ക്വാളിഫയർ കാണാതെ അപ്രതീക്ഷിതമായി പുറത്തായ റോയൽ ചലഞ്ചേഴ്‌സ് ബംഗലൂരുവിനെ ട്രോളി കെഎസ്ആർടിസി ഫാൻ പേജ്. ആർസിബിയുടെ മലയാളി ആരാധകരെ ട്രോളിയ പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളിലും വൈറലായി. കപ്പ് പൊക്കാൻ പോയവരുടെ ശ്രദ്ധക്ക്….. ബാംഗ്ലൂരിൽ നിന്നും കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് KSRTC AC / NON AC സ്ലീപ്പർ /സെമി സ്ലീപ്പർ സൂപ്പർ ഫാസ്റ്റ് ബസുകൾ ലഭ്യമാണ് എന്നായിരുന്നു ട്രോൾ. കൂടുതൽ വിവരങ്ങൾക്കു സന്ദർശിക്കാൻ പറഞ്ഞ് കെഎസ്ആർടിസിയുടെ ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്‌ഫോമിന്റെ ലിങ്കും പോസ്റ്റ് ചെയ്തിട്ടുണ്ട്.

കെഎസ്ആർടിസി കൊട്ടാരക്കര എന്ന പേരിലുളള ഫേസ്ബുക്ക് പേജിലാണ് ബംഗലൂരു ആരാധകരുടെ ചങ്ക് തകർക്കുന്ന ട്രോൾ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റ് വൈറലായതോടെ ആർസിബി ആരാധകരും മറുപടികളുമായി രംഗത്തെത്തി. ചെന്നൈ ഉൾപ്പെടെയുളള ടീമുകളുടെ ആരാധകരും ഏറ്റുപിടിച്ചതോടെ പോസ്റ്റ് വൈറലാകുകയായിരുന്നു.

ബാംഗളുരുവിൽ നിന്നും വരുന്നതൊക്കെ കൊള്ളാം ഡ്രൈവറോട് അധികം അഗ്രെഷൻ ഇല്ലാതെ വരാൻ പറയണം. ഇല്ലേൽ ചിലരെ പോലെ ലക്ഷ്യസ്ഥാനത്തു എത്തില്ല മുൻപേ തീരും, കപ്പ് പൊക്കുന്ന വരെ ഇനി ksrtc യിൽ കേറില്ല – സാല ശംഭു എന്നിങ്ങനെയാണ് പോസ്റ്റിന് താഴെയുള്ള രസകരമായ കമന്റുകൾ.

എന്നാൽ തിരിച്ചടിച്ച് ബെംഗളൂരു ആരാധകരും കമന്റുകളിൽ നിറഞ്ഞു. ഗുജറാത്തിൽ കളി നടന്നതിന് എന്തിനാടാ മണ്ടന്മാരെ ബംഗലൂരുവിൽ നിന്ന് ബസ് വിടുന്നത്…. വെറുതെയല്ല ഇവന്മാർ നന്നാകാത്തത്, ശമ്പളം ഒന്നും കിട്ടുന്നില്ലേ, ആദ്യം റോഡിൽ മര്യാദയ്ക് വണ്ടി ഓടിക്കൂ എന്നിട്ട് കപ്പ് പൊക്കാമെന്നുമാണ് മറുപടി കമന്റുകൾ.

രാജസ്ഥാൻ റോയൽസിനോട് നാല് വിക്കറ്റിന് തോറ്റാണ് ക്വാളിഫയർ കാണാതെ ആർസിബി പുറത്തായത്. തോൽവിക്ക് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ഇന്നലെ മുതൽ ബെംഗളൂരുവിനെ ട്രോളി ആരാധകരുടെ പോരും തുടങ്ങിയിരുന്നു. അടുത്ത സാലാ കപ്പ് നമ്മടെ, സാലകൾ കപ്പുകൾ.. ഈ സാല കപ്പും.. തോൽവികൾ…. കപ്പറിയാതാടുകയാണീ കിംഗും ടീമും… എന്നിങ്ങനെയുള്ള രസകരമായ ക്യാപ്ഷനുകളും ട്രോളുകളുമാണ് വൈറലാകുന്നത്. പ്ലേ ഓഫ് കാണാതെ പുറത്തായ ചെന്നൈ, മുംബൈ ആരാധകരാണ് ട്രോളുന്നതിൽ മുൻപന്തിയിൽ.
“>“>

 

Share
Leave a Comment