മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിൽ സൂര്യാഘാതം മൂലം മരങ്ങളിൽ നിന്ന് കുരങ്ങുകൾ ചത്ത് വീഴുന്നു. ഗൾഫ് കോസ്റ്റ് സംസ്ഥാനമായ ടബാസ്കോയിൽ ഒരാഴ്ചയ്‌ക്കിടയിൽ 138 ഹൗളർ കുരങ്ങൻമാരെ ചത്തനിലയിൽ കണ്ടെത്തി. സൂര്യാഘാതത്തിന് പിന്നാലെ നിർജ്ജലീകരണവും പനിയുമാണ് കൂട്ടമരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.
മരങ്ങളിൽ നിന്ന് ആപ്പിൾ വീഴുന്നത് പോലെയാണ് കുരങ്ങുകൾ ചത്ത് വീണതെന്ന് പ്രദേശത്തെ വന്യജീവി സംരക്ഷകനായ ഗിൽബർട്ടോ പോസോ പറഞ്ഞു. കടുത്ത നിർജ്ജലീകരണത്തിന്റെ അവസ്ഥയിലായിരുന്ന അവർ മരത്തിൽ കയറി മിനിറ്റുകൾക്കകം മരിച്ചു വീണു. ഉയർന്ന ചൂട്, വരൾച്ച, കാട്ടുതീ, മരം മുറി എന്നിവ കുരങ്ങുകളുടെ വെള്ളവും തണലും അവർ കഴിക്കുന്ന പഴങ്ങളും നഷ്ടപ്പെടുത്തി. ഇതോടെ അവർ ഇവതേടി ഉയരമുള്ള മരങ്ങളിൽ കയറാൻ തുടങ്ങി. ഉയരമുള്ള വൃക്ഷങ്ങളിൽ കയറിയ കുരങ്ങുകളാണ് കൂടതലായും സൂര്യാഘാതത്തിന് ഇരയായത്. പോസോ കൂട്ടിച്ചേർത്തു.
പേശീബലം കൊണ്ട് പേരുകട്ടവയാണ് ഹൗളർ കുരങ്ങുകൾ. മറ്റ് കുരങ്ങുകളിൽ നിന്നും വ്യത്യസ്തമായി ഇവ സിംഹത്തെപ്പോലെ ഗർജ്ജിക്കും. ചിലതിന് 90 സെൻ്റീമീറ്റർ (3 അടി) വരെ ഉയരമുണ്ടാകും. ആൺ കുരങ്ങുകൾക്ക് 13.5 കിലോഗ്രാം (30 പൗണ്ട്) ഭാരവും 20 വർഷം ആയുസ്സുമുണ്ട്.
മെക്സിക്കോയിലെ ഉഷ്ണതരംഗത്തിൽ മാർച്ച് മാസം മാത്രം 26 പേരാണ് മരണമടഞ്ഞത്. ഇതിന് പിന്നാലെയാണ് മൃഗങ്ങൾ കുട്ടത്തൊടെ ചത്ത് വീഴുന്ന വാർത്ത പുറത്തു വരുന്നത്. രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗങ്ങളിലും കഴിഞ്ഞ ദിവസം ഉയർന്ന താപനില 47 ഡിഗ്രി സെൽഷ്യസ് (117 ഡിഗ്രി ഫാരൻഹീറ്റ്) രേഖപ്പെടുത്തി. ശരാശരിയിലും താഴെ മഴ ലഭിച്ചതിനാൽ തടാകങ്ങളും അണക്കെട്ടുകളും വറ്റിവരളുന്നു, ജലവിതരണവും വൈദ്യുതി വിതരണവും താറുമാറായിരിക്കുകയാണ്.