മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ റെക്കോർട്ട് നേട്ടം. സെൻസെക്സ് ആയിരത്തിലധികം പോയിന്റ് ഉയർന്ന് 75,300ലാണ് വ്യാപാരം തുടരുന്നത്. കുതിപ്പിൽ ഒട്ടും പിന്നോട്ട് പോകാതെ നിഫ്റ്റി ആദ്യമായി 22,900 പോയിന്റിന് മുകളിൽ എത്തി. 22,576.60ൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീടാണ് 22,900 എന്ന റെക്കോർഡ് നേട്ടത്തിൽ എത്തിയത്. ഇതിന്റെ ഏറ്റവും വലിയ നേട്ടം ഓഹരി നിക്ഷേപകർക്കാണ്.
ആഭ്യന്തര വിപണിയിൽ നിന്നുള്ള അനുകൂല ഘടകങ്ങളാണ് ചരിത്ര നേട്ടത്തിന് കാരണമായത്. വീണ്ടും നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ എത്തുമെന്നുള്ള പൊതു ട്രെൻഡ് നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. ഇതും ഓഹരി വിപണിക്ക് നേട്ടമായി.
ഓട്ടോ, ഐടി അടക്കം വിവിധ സെക്ടറുകളാണ് പ്രധാനമായും ഓഹരി വിപണിയിൽ തിളങ്ങിയത്. കൂടുതൽ നഷ്ടം സംഭവിച്ചത് മെറ്റൽ, ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ എന്നിവയ്ക്കാണ്.
ഓഹരി വിപണിയുടെ കുതിപ്പിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. 10 വർഷത്തെ ബിജെപി സർക്കാരിന്റെ കൃത്യവും സുശക്തവുമായ നയങ്ങൾ രാജ്യത്തെ സ്റ്റോക്ക് മാർക്കറ്റിലും പ്രതിഫലിക്കുന്നുണ്ട്. മൂന്നാം തവണയും എൻഡിഎ സർക്കാർ രൂപീകരിക്കുന്നതോടെ ഓഹരി വിപണിയും പുതിയ ഉയരങ്ങളിലെത്തുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകളുടെ നേർക്കാഴ്ചയ്ക്കാണ് വിപണി സാക്ഷ്യം വഹിക്കുന്നത്.