സിംഗപ്പൂർ :മെയ് 21 ന് സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടുണ്ടായ അപകടത്തില്‍ ഇരുപത്തിരണ്ട് യാത്രക്കാർക്ക് സുഷുമ്നാ നാഡിക്കും ആറ് പേർക്ക് തലച്ചോറിനും തലയോട്ടിക്കും പരിക്കേറ്റതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഇതിൽ ഇരുപത് പേർ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു. നിലവിൽ അത്യാസന്ന നിലയിലുള്ള കേസുകളൊന്നും ഇല്ല. സീറ്റ് ബെൽറ്റ് ധരിക്കാതെ ഇരുന്നവരാണ് അപകടത്തിൽപെട്ടത്.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ ഏറ്റവും മുതിർന്ന രോഗിയുടെ പ്രായം 83 ആണ്, ഏറ്റവും ഇളയയാൾ മസ്തിഷ്കാഘാതം സംഭവിച്ച രണ്ട് വയസ്സുള്ള കുട്ടിയാണ്.
ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള സിംഗപ്പൂർ എയർലൈൻസ് ഫ്ലൈറ്റ് എസ്‌ക്യു 321 മെയ് 21 ന് യാത്ര തുടങ്ങി ഏകദേശം 10 മണിക്കൂറിന് ശേഷം 37,000 അടി ഉയരത്തിൽ വെച്ച് പെട്ടെന്നുള്ള ടർബുലൻസ് നേരിട്ടതിനെ തുടർന്ന് ഒരാൾ മരിക്കുകയും ഏകദേശം 60 യാത്രക്കാർക്ക് പരിക്കേൽക്കുകയുമായിരുന്നു. തുടർന്ന് വിമാനം ബാങ്കോക്കിലെ സുവർണഭൂമി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.
വിമാനത്തിലെ 46 യാത്രക്കാരും രണ്ട് ജീവനക്കാരും ചികിത്സയ്‌ക്കായി ബാങ്കോക്കിൽ തുടരുകയാണ്. ബോയിംഗ് 777-300ER വിമാനത്തിൽ 211 യാത്രക്കാരും 18 ക്രൂ അംഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ബ്രിട്ടൻ ജെഫ്രി കിച്ചൻ (73) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.















