ന്യൂഡൽഹി: മെഡിക്കൽ ഇൻഷുറൻസ് ക്ലെയിമുകൾക്ക് ഒറ്റ പോർട്ടൽ വികസിപ്പിക്കാൻ കേന്ദ്രം. രാജ്യത്തുടനീളമുള്ള മെഡിക്കൽ ഇൻഷുറൻസ് കമ്പനികളുടെ ക്ലെയിമുകൾ ഏകീകരിക്കാൻ ദേശീയ ആരോഗ്യ അതോറിറ്റിക്ക് (NHA) കീഴിലാകും ആരോഗ്യ മന്ത്രാലയം ഏകജാലക പോർട്ടൽ വികസിപ്പിക്കുക. ‘നാഷണൽ ഹെൽത്ത് ക്ലെയിംസ് എക്സ്ചേഞ്ച്’ എന്നാകും പോർട്ടലിന്റെ പേര്.
200-ലധികം ആശുപത്രികളെയും 50-ലധികം മെഡിക്കൽ ഇൻഷുറൻസ് ദാതാക്കളെയും പോർട്ടൽ ഒരു കുടക്കീഴിലെത്തിക്കും. ഇൻഷുറൻസ് ക്ലെയിമുകൾ വേഗത്തിൽ കൈകാര്യം ചെയ്യാൻ ആശുപത്രികളെ സഹായിക്കുകയും രോഗികൾക്ക് ക്ലെയിം വേഗത്തിൽ ലഭ്യമാക്കാനും ഇത് സഹായകമാകും. നിലവിൽ ഓരോ സ്വകാര്യ ഇൻഷുറൻസ് ദാതാക്കൾക്കും അവരുടെതായ പ്രത്യേക പോർട്ടലാണുള്ളത്.
കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിനായി കോ-വിൻ പോർട്ടൽ ആരംഭിച്ചതിന് സമാനമായി സർക്കാരിന്റെ പ്രതിരോധ കുത്തിവയ്പ്പുകളുമായി ബന്ധപ്പെട്ട് ഇ-വിൻ പോർട്ടൽ ആരംഭിക്കുന്നതും കർമ പരിപാടിയിലുണ്ട്. ജനന സമയം ഇ-വിൻ പോർട്ടലിൽ പേര് എന്റോൾ ചെയ്യാവുന്നതാണ്. തുടർന്നുള്ള എല്ലാ പ്രതിരോധ കുത്തിവയ്പ്പുകളും ഇ-വിൻ വഴി രജിസ്റ്റർ ചെയ്യാം, സർട്ടിഫിക്കറ്റുകളും ശേഖരിക്കാം. ആരോഗ്യ മന്ത്രാലയത്തിന്റെ ‘ആഭാ’ എന്ന ഡിജിറ്റൽ ആരോഗ്യ അക്കൗണ്ട് വഴി ഇ-വിൻ അങ്കണവാടികളിലേക്കും സ്കൂളുകളിലേക്കും ബന്ധിപ്പിക്കും. ബിജെപി സർക്കാർ അധികാരത്തിലേറുന്നതിന് പിന്നാലെ നടപ്പാക്കാൻ നിശ്ചയിച്ച നൂറ് ദിന പദ്ധതികളാണിവ.