അമരാവതി: പതിമൂന്നുകാരിയെ ബലാത്സംഗത്തിനിരയാക്കിയ പതിനഞ്ചുകാരൻ അറസ്റ്റിൽ. ആന്ധ്രാപ്രദേശ് ഏലൂർ ജില്ലയിലെ സർക്കാർ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ക്ലാസ് മുറിയിൽ വച്ച് നടന്ന പീഡനത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ നാലു യുവാക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു സംഘത്തിന്റെ ശ്രമം.
ഏഴാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി വാർഷിക പരീക്ഷയുടെ ഫലം അറിയാനായിരുന്നു സ്കൂളിലെത്തിയത്. വേനലവധിക്കായി സ്കൂൾ അടച്ചതിനാൽ അധികം ആരും ഉണ്ടായിരുന്നില്ല. ഈ സമയത്താണ് സംഘം ആളൊഴിഞ്ഞ ക്ലാസ് മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി അതിക്രമം നടത്തിയത്. തുടർന്ന് രണ്ടു ലക്ഷം രൂപ നൽകിയില്ലെങ്കിൽ ദൃശ്യം പ്രചരിപ്പിക്കുമെന്ന് പ്രതികൾ പെൺകുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി. പണം നൽകാൻ വിസമ്മതിച്ചതോടെ വാട്ട്സാപ്പ് വഴി പ്രതികൾ വീഡിയോ പ്രചരിപ്പിച്ചു. ഇതോടെ പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമായി. പതിനഞ്ചുകാരനെ ജുവനൈൽ ഹോമിലാണ് പാർപ്പിച്ചിരിക്കുന്നത്. മറ്റ് പ്രതികൾ 19നും 22 നും ഇടയിൽ പ്രായമുള്ളവരാണ്. ഇവരെ അറസ്റ്റ് ചെയ്ത് ഏലൂർ കോടതിയിൽ ഹാജരാക്കി.