ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം: ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ഒഴിവാക്കി, പകരം ജീവപര്യന്തം തടവ്, അനുശാന്തിയുടെ അപ്പീൽ തള്ളി

Published by
Janam Web Desk

തിരുവനന്തപുരം: ആറ്റിങ്ങൽ ഇരട്ടക്കൊലപാതകക്കേസിൽ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ഒഴിവാക്കി. പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഇയാൾ പരോളില്ലാതെ 25 വർഷം തടവ് അനുഭവിക്കണം. ജസ്റ്റിസ് പി ബി സുരേഷ്‌കുമാർ, ജോൺസൺ ജോൺ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. 2014 ഏപ്രിൽ 16 നായിരുന്നു ആറ്റിങ്ങലിലെ ഇരട്ടക്കൊലപാതകം. അനുശാന്തിയുടെ മകളും ഭർതൃമാതാവുമാണ് കൊല്ലപ്പെട്ടത്.

2016 ൽ കേസിലെ ഒന്നാം പ്രതിയായ നിനോ മാത്യു വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീൽ നൽകിയിരുന്നു. ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്ന രണ്ടാം പ്രതി അനുശാന്തിയും അപ്പീൽ നൽകിയിരുന്നെങ്കിലും കോടതി ഇത് തള്ളി. ടെക്നോപാർക്കിലെ ജീവനക്കാരും സുഹൃത്തുക്കളുമായിരുന്നു അനുശാന്തിയും നിനോ മാത്യുവും.ഇവർ തമ്മിലുള്ള പ്രണയബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

അനുശാന്തിയുമായി ഒരുമിച്ചു ജീവിക്കുന്നതിന് തടസമായി നിന്നവരെ ഒഴിവാക്കാനായിരുന്നു കൊലപാതകം. ഇതിനായി അനുശാന്തിയുടെ നാലുവയസുള്ള മകളെയും ഭർതൃമാതാവിനെയും ഒന്നാം പ്രതി നിനോ മാത്യു വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ അനുശാന്തിയുടെ ഭർത്താവ് ലിജീഷിനും ഗുരുതര പരിക്കേറ്റിരുന്നു. കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് വിലയിരുത്തിയാണ് വിചാരണക്കോടതി ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷയും രണ്ടാം പ്രതി അനുശാന്തിക്ക് ഇരട്ട ജീവപര്യന്തവും ശിക്ഷ വിധിച്ചത്. പ്രതികൾ ഇതിനെതിരെ അപ്പീൽ നൽകുകയായിരുന്നു. ഇതിനെത്തുടർന്നാണ് 8 വർഷങ്ങൾക്ക് ശേഷം ഒന്നാം പ്രതിയുടെ വധശിക്ഷ ജീവപര്യന്തമായി കുറിച്ചിരിക്കുന്നത്.

Share
Leave a Comment