തൃശൂർ: കനത്ത മഴയിൽ ഗുരുവായൂർ അമ്പലനടയിൽ വെളളക്കെട്ട് ഉണ്ടായ സംഭവത്തിൽ നഗരസഭയ്‌ക്കെതിരെ വിമർശനം ശക്തമാകുന്നു. നഗരസഭയുടെ അനാസ്ഥയാണ് ഈ സ്ഥിതിക്ക് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. നഗരസഭയുടെ അനാസ്ഥയ്‌ക്കെതിരെ ബിജെപി ഗുരുവായൂർ നഗരസഭാ കാര്യാലയത്തിന് മുന്നിൽ വഞ്ചിയിറക്കി പ്രതിഷേധിച്ചു.
കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ഗുരുവായൂർ ക്ഷേത്രനടയും സമീപപ്രദേശങ്ങളും വെള്ളത്തിലായിരുന്നു. നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും ബിജെപി നേതൃത്വം അറിയിച്ചു. കച്ചവടസ്ഥാപനങ്ങൾക്കുളളിലേക്ക് വരെ വെള്ളം കയറുന്ന സ്ഥിതിയിലേക്ക് എത്തിയിരുന്നു.
ബിജെപി മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാർ കോടികൾ നൽകിയിട്ടും അതൊന്നും ഉപകാരപ്രദമായി വിനിയോഗിക്കാതെ ഗുരുവായൂരിനെ വെളളക്കെട്ടിൽ മുക്കുകയായിരുന്നു നഗരസഭയെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി സുഭാഷ് മണ്ണാരത്ത്, മനീഷ് കുളങ്ങര, പ്രദീപ് പണിക്കശ്ശേരി, പ്രബീഷ് തിരുവെങ്കിടം, വിശ്വം വിആർ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.